ബിരിയാണിക്ക് കച്ചംബര്‍ കിട്ടിയില്ല; കാറ്ററിംഗ് ജോലിക്കാരെ പൊളിവച്ചു, രണ്ടുപേര്‍ക്കെതിരെ കേസ്, സംഭവം സീതാഗോളിയില്‍

കാസര്‍കോട്: ബിരിയാണിക്ക് ഒപ്പം നല്‍കുന്ന കച്ചംബര്‍ (സാലഡ്) കിട്ടാത്തതിന്റെ വിരോധത്തില്‍ കാറ്ററിംഗ് ജോലിക്കാരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. പേരാല്‍ കണ്ണൂര്‍ സ്വദേശിയെയും കൂടെ ജോലിക്ക് എത്തിയ യുവാവിനെയുമാണ് മര്‍ദ്ദിച്ചത്.
21കാരന്റെ പരാതിയില്‍ അബ്ബാസ്, മഷൂദ് എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് സീതാംഗോളിയിലെ ഒരു ഓഡിറ്റോറിയത്തിലാണ് കേസിനാസ്പദമായ സംഭവം.
21കാരന്‍ വിദ്യാര്‍ത്ഥിയാണ്. പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനാണ് ഞായറാഴ്ചകളില്‍ ഭക്ഷണ വിതരണ ജോലിക്ക് പോകുന്നതെന്നു പറയുന്നു. ഞായറാഴ്ച നടന്ന കല്യാണത്തിന്റെ കാറ്ററിംഗ് ജോലി ഏറ്റെടുത്തത് പരാതിക്കാരനായിരുന്നു. മൂന്നു മണിയോടെ കച്ചംബര്‍ തീരുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ പ്രതികളായ രണ്ടുപേരും കച്ചംബര്‍ ആവശ്യപ്പെട്ടുവത്രെ. തീര്‍ന്നു പോയെന്നു പറഞ്ഞപ്പോള്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page