മൊഗ്രാല്‍: സംസ്ഥാനത്തെ മികച്ച സര്‍ക്കാര്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ രണ്ടു മാസമായി തെറാപ്പിസ്റ്റില്ലെന്നു പരാതി. ഇത് മൂലം തെറാപ്പിക്കു എത്തുന്ന രോഗികള്‍ നിരാശരായി മടങ്ങുകയാണെന്നും പരാതിയുണ്ട്.
പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും തമ്മിലുള്ള പോരാട്ടമാണ് തെറാപ്പിസ്റ്റിനെ നിയമിക്കാന്‍ കഴിയാതായതിനു കാരണമെന്നു പറയുന്നു.
2005-2010 ലെ എം അബ്ബാസിന്റെ നേതൃത്വത്തിലുള്ള കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ ഫിസിയോതെറാപ്പിക്ക് കൂടി അനുമതി നല്‍കിയത്. നൂറുകണക്കിന് രോഗികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായിരുന്നു. യുനാനി ഡിസ്‌പെന്‍സറിയില്‍ 50 രൂപയാണ് ഈ ചികിത്സയ്ക്ക് ഈടാക്കിയിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്ക് വലിയ തുക നല്‍കേണ്ടി വരുന്നു.
അതിനിടെ വ്യാഴാഴ്ച ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പുതിയ തെറാപ്പിസ്റ്റിനെ നിയമിക്കാന്‍ നടന്ന നീക്കത്തെ ബന്ധുനിയമനമെന്നാരോപിച്ച് ബിജെപി, സിപിഎം, എസ്ഡിപിഐ അംഗങ്ങള്‍ എതിര്‍ത്തു. തെറാപ്പിസ്റ്റ് നിയമനത്തിന് നാലുപേരാണ് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നത്. ഇന്റര്‍വ്യൂവില്‍ മുന്‍പരിചയം പരിഗണിച്ചായിരുന്നു നിയമനമെന്നു പറയുന്നു. പഞ്ചായത്ത് പ്രസിഡണ്ട്, യുനാനി മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുത്തത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത് ഭരണപക്ഷത്തെ നേതാവിന്റെ ബന്ധുവാണെന്നു പ്രതിപക്ഷത്തെ 13 അംഗങ്ങള്‍ ചോദ്യം ചെയ്തു. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഇത് വലിയ ബഹളത്തിനു ഇടയാക്കിയിരുന്നു.








