കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സൗത്ത് തൃക്കരിപ്പൂര്‍, ഒളവറയില്‍ വന്‍ പുകയില ഉല്‍പ്പന്നവേട്ട. ഒരു ലോഡ് പുകയില ഉല്‍പ്പന്നങ്ങളുമായി കാസര്‍കോട്, ഉളിയത്തടുക്ക, നാഷണല്‍ നഗര്‍, ബിസ്മില്ലാ മഹലില്‍ എ വി ഷമീര്‍ (40), എ എം യൂസഫ് (68) എന്നിവരെ ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. എ എസ് ഐ ലക്ഷ്മണന്‍, സീനിയര്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് കയ്യൂര്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പയ്യന്നൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി മുണ്ട്യക്കാവ് ക്ഷേത്ര കമാനത്തിനു സമീപത്ത് എത്തിയത്. സംശയം തോന്നി പൊലീസ് ലോറി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുന്നതാണെന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. കാസര്‍കോട്ട് നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കയറ്റിയതെന്നും കോഴിക്കോട്ട് എത്തുമ്പോള്‍ ആവശ്യക്കാര്‍ വിളിക്കുമെന്നുമാണ് പിടിയിലായവര്‍ പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സമാന രീതിയില്‍ കാലിക്കടവില്‍ വച്ച് ചന്തേര പൊലീസ് പുകയില ഉള്‍പ്പനങ്ങള്‍ പിടികൂടിയിരുന്നു. അന്നു പിടിയിലായവരും ലോറിയുമാണ് തൃക്കരിപ്പൂരില്‍ വെള്ളിയാഴ്ച വീണ്ടും കുടുങ്ങിയതെന്നു കൂട്ടിച്ചേര്‍ത്തു.









