വാതില്‍ തുറന്നുവെച്ചും, കെട്ടിവെച്ചും കര്‍ണാടക കെഎസ്ആര്‍ടിസി: മോട്ടോര്‍ വാഹന വകുപ്പ് നടപടി കേരള കെഎസ്ആര്‍ടിസിയില്‍ ഒതുങ്ങുന്നതായി പരാതി

കാസര്‍കോട്: വാതിലടക്കാന്‍ വിട്ടുപോകുന്ന കേരള കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് വലിയ പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന വകുപ്പ് വാതില്‍ തുറന്നു വെച്ചും, കെട്ടിവെച്ചും മിന്നിപ്പായുന്ന കര്‍ണാടക സ്റ്റേറ്റ് ബസ്സുകള്‍ നോക്കിനിക്കുന്നെന്നു പരാതി.
കാസര്‍കോട് -മംഗളൂരു ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സുകള്‍ വാതില്‍ തുറന്നിട്ടാണ് സര്‍വീസ് നടത്തുന്നതെന്നാണ് ആക്ഷേപം. ചില ബസ്സുകളിലെ വാതിലുകള്‍ കെട്ടി വയ്ക്കുന്നുമുണ്ട്.കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ കാസര്‍കോട് – മംഗളൂരു റൂട്ടില്‍ അശ്രദ്ധയിലും, അമിതവേഗതയിലുമാണ് സര്‍വീസ് നടത്തുന്നതെന്നു പരാതിയുണ്ട്. തലപ്പാടിയില്‍ കഴിഞ്ഞമാസം കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് നിയന്ത്രണം വിട്ട് ആറു പേര്‍ മരിക്കാനിടയായത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നാട്ടുകാര്‍ ഈ റൂട്ടിലെ ബസുകള്‍ തടഞ്ഞു വെച്ച് ബസ്സുകളുടെ സര്‍വീസിന് യോഗ്യമല്ലാത്ത പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും അമിതവേഗതയ്ക്കു ഒരു കുറവുമുണ്ടായിട്ടില്ലെന്നു യാത്രക്കാര്‍ പറയുന്നു.
ബസ്സുകള്‍ ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുമ്പോള്‍ പൂര്‍ണ്ണ സജ്ജമാണോ എന്ന കാര്യത്തില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. യാത്രക്കാര്‍ക്ക് കയറുന്ന വാതിലുകള്‍ക്ക് പോലും സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്. സര്‍വീസ് റോഡിലൂടെ ഓടേണ്ട കേരള-കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സുകള്‍ മത്സര ഓട്ടത്തില്‍ പലപ്പോഴും നിയമം ലംഘിച്ച് ദേശീയപാതയിലൂടെ ഓടുന്നതും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇതിന്റെ ദുരന്തഫലമായിരുന്നു തലപ്പാടിയിലെ അപകടമെന്നു നാട്ടുകാര്‍ ചൂണ്ടിക്കട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page