കാസർകോട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ആസിഡ് കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ, പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (57) മകൻ രഞ്ജേഷ് (22) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷിനെ ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യാ സംഭവം നാട് അറിഞ്ഞത്. മൂന്ന് പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന. രണ്ടു മൃതദേഹങ്ങൾ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഒരു മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്കും മാറ്റി.
