കുണ്ടംകുഴിയിലെ ജി ബി ജി നിക്ഷേപ തട്ടിപ്പ്:വിനോദ് കുമാറിനും സ്ഥാപനത്തിനും എതിരെ നാലു കേസുകള്‍ കൂടി; തട്ടിയെടുത്ത കോടികള്‍ എവിടെ?

കാസര്‍കോട്: ബേഡഡുക്ക, കുണ്ടംകുഴി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ ജി ബി ജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്)ക്കെതിരെ നാലുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍, ആലക്കോട് സ്വദേശികളായ മരുതംകുന്നേല്‍ തോമസ് മണി (65), സി ജെ ബേബി(65), സുഷ്മിത് മാത്യു(50), കാഞ്ഞങ്ങാട്, കൊവ്വല്‍പ്പള്ളിയിലെ രവീന്ദ്രന്‍ (54) എന്നിവരുടെ പരാതിയിലാണ് സ്ഥാപനത്തിനും എം ഡി യായ കുണ്ടംകുഴി, ചിന്നുലാല്‍ ഹൗസില്‍ ഡി വിനോദ് കുമാറിനും എതിരെ ബേഡകം പൊലീസ് കേസെടുത്തത്. അമിതലാഭം വാഗ്ദാനം ചെയ്ത് ബേബിയില്‍ നിന്നു 12,39,518 രൂപയും തോമസ് മണിയില്‍ നിന്നു 4,10,000 രൂപയും സുഷ്മിത് മാത്യുവില്‍ നിന്നു 1,76,000രൂപയും തട്ടിയെടുത്തുവെന്നു പരാതികളില്‍ പറയുന്നു. കാഞ്ഞങ്ങാട് സ്വദേശിയായ രവീന്ദ്രനില്‍ നിന്നു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. നാലു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ബേഡകം പൊലീസ് സ്റ്റേഷനില്‍ മാത്രം ജി ബി ജി തട്ടിപ്പു കേസുകളുടെ എണ്ണം രണ്ടു ഡസന്‍ കവിഞ്ഞു. അതേസമയം കോടികളുടെ തട്ടിപ്പ് കേസുകളില്‍ അറസ്റ്റിലായ മാനേജിംഗ് ഡയറക്ടര്‍ ഡി വിനോദ് കുമാര്‍ ജാമ്യത്തിലിറങ്ങി. ഇയാള്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. അമിതലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപയാണ് വിനോദും സംഘവും തട്ടിയെടുത്തത്. ഇതില്‍ നിന്നു 11 കോടി രൂപ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങി കൂട്ടിയ സ്വത്തുക്കളും പൊലീസ് കണ്ടു കെട്ടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page