ചികില്‍സ ഫലിച്ചില്ലെന്ന് ആരോപിച്ച് വൈദ്യരെ ഭീഷണിപ്പെടുത്തി; ദമ്പതികളടക്കം ഉരുവച്ചാല്‍ സ്വദേശികളായ 12 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ചികില്‍സ ഫലിച്ചില്ലെന്നാരോപിച്ച് വൈദ്യരെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഉരുവച്ചാല്‍ കരേറ്റ സ്വദേശികളായ 12 പേര്‍ക്കെതിരെ രാജപുരം പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കള്ളാറിലെ പാരമ്പര്യ വൈദ്യരായ മാലക്കല്ല് കപ്പള്ളിയിലെ ദാമോദരന്‍ സി.വൈദ്യരുടെ പരാതിയിലാണ് കേസ്. കരേറ്റയിലെ ദീപ (42), ഭര്‍ത്താവ് സുധീഷ്, ദീപയുടെ ബന്ധു, ബിജീഷ്, ദീപയുടെ സഹോദരന്‍ എന്നിവരുടെയും കണ്ടാലറിയാവുന്നമറ്റ് ഏഴുപേര്‍ക്കെതിരെയമാണ് കേസ്. ഇക്കഴിഞ്ഞ ജൂണ്‍ 6 ന് ഉച്ചക്ക് 12നാണ് കേസിനാപദമായ സംഭവം നടന്നത്. കള്ളാറില്‍ ചികില്‍സ നടത്തിവരുന്ന വൈദ്യരുടെ വംശീയ വൈദ്യശാലയിലേക്ക് പ്രതികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ചികില്‍സ തേടിയെത്തിയ നിരവധിപേരുടെ മുന്നില്‍ വെച്ച് ചികില്‍സ ഫലിച്ചില്ലെന്നാരോപിച്ച് പാരമ്പര്യ ചികില്‍സാ രീതികളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സംസാരിക്കുകയും വൈദ്യരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കേസന്വേഷിച്ച രാജപുരം സീനിയര്‍ സി.പി.ഒ ഫിലിപ്പ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page