കാസർകോട്: മയിച്ച ഗ്രാമത്തെ മറ്റൊരു ഷിരൂർ ആക്കരുത്, അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലം തകർന്ന വീരമലയെ സംര ക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ‘വീരമലയ്ക്കൊരു ധീരമതിൽ’ തീർക്കും. വെള്ളിയാഴ്ച രാവിലെ 10ന് മയിച്ച വയൽക്കര ക്ഷേത്രപരിസരത്ത് നിന്ന് നൂറുകണക്കിന് ഗ്രാമവാസികളെ അണിനിരത്തി വീരമലയുടെ അടിവാരത്തിലേക്ക് മാർച്ച് നടത്തും. അതിനുശേഷമാണ് ധീരമതിൽ തീർക്കുക. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.രാജഗോപാലൻ എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ മതിലിൽ അണിചേരുമെന്ന് സംഘാടകർ അറിയിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മയിച്ച ഗ്രാമത്തിലേ ക്ക് കടന്നുപോകുന്ന അനുബന്ധ റോഡുകളടക്കം ഇല്ലാതായി. ഇതിനുപുറമേ ഓവുചാലുകളെ ല്ലാം തകർന്നു. കനത്ത മഴ വന്നാൽ മയ്യിച്ച ഗ്രാമത്തിൽ വെള്ളപൊക്കം ഉണ്ടാകുന്ന അവസ്‌ഥയാണ്. വീരമലയിൽ ഉണ്ടായിരുന്ന ശ്മശാനം വരെ ഇല്ലാതായി. ഇത്തരത്തിൽ നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിനു കണക്കില്ല. ഇതാണ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ കാരണമായത്.
