പാസഞ്ചര്‍ ട്രെയിനില്‍ അധ്യാപകന് നേരെ അക്രമം; മംഗളൂരുവില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: ട്രെയിനില്‍ അധ്യാപകന് നേരെ അക്രമം നടത്തിയ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് പാസഞ്ചര്‍ ട്രെയിനില്‍ അക്രമം നടന്നത്. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകനായ കെ സജനാ(48)ണ് വിദ്യാര്‍ഥികളുടെ അക്രമത്തിനിരയായത്. മഞ്ചേശ്വരത്തുനിന്നും പാസഞ്ചര്‍ ട്രെയിനില്‍ കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്നു സജന്‍. ട്രെയിന്‍ കാഞ്ഞങ്ങാട് എത്താറായപ്പോള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നു. അധ്യാപകന് സമീപം ഇരിക്കുകയായിരുന്ന ഒരു വിദ്യാര്‍ഥിയെ മറ്റു വിദ്യാര്‍ഥികള്‍ പിടിച്ചുവലിച്ചു. വലിക്കിടെ അധ്യാപകന്റെ ദേഹത്ത് സ്പര്‍ശിച്ചു. ഇത് ചോദ്യം ചെയ്ത വിരോധത്തില്‍ ഒരു വിദ്യാര്‍ഥി അധ്യാപകന്റെ മുഖത്തടിക്കുകയായിരുന്നു. ഇടിയില്‍ കണ്ണിന് താഴെ പരിക്കേറ്റെന്ന് പരാതിയില്‍ പറയുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ അക്രമം നടത്തിയ വിദ്യാര്‍ഥിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വിദ്യാര്‍ഥി എത്തി അധ്യാപകന്റെ കൈവിരലുകള്‍ പിടിച്ചു തിരിക്കുകയും കഴുത്തിന് പിടിച്ച് നിര്‍ത്തുകയും ചെയ്തു. പ്ലാറ്റ്‌ഫോമിലിറങ്ങിയപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയില്‍ പറഞ്ഞു. പരിക്കേറ്റ അധ്യാപകന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. സംഭവത്തില്‍ കേസെടുത്ത റെയില്‍വേ പൊലീസ് വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. എസ്.എച്ച്.ഒ റജികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ട്രെയിനില്‍ നിന്ന് ലഭിച്ച ഒരു വിദ്യാര്‍ഥിയുടെ ഐഡി കാര്‍ഡ് അധ്യാപകന്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് പ്രതികളെകുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. വൈകുന്നേരം പാസഞ്ചര്‍ ട്രെയിനില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം പതിവാണെന്ന് യാത്രക്കാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page