വൊര്‍ക്കാടിയിലെ ഫാക്ടറിയില്‍ നിന്നും മലിനജലം ഒഴുക്കിവിട്ടു; നടപടിയുമായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്; 50,000 രൂപ പിഴ ചുമത്തി

കാസര്‍കോട്: വൊര്‍ക്കാടിയില്‍ മലിനജലം ഒഴുക്കിവിട്ട ഫാക്ടറിക്കെതിരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്. ഫാക്ടറി ഉടമസ്ഥനു 50,000 രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കെദുമ്പാടിയില്‍ ഏതാനും വീടുകളിലെ കിണറുകളിലെ വെള്ളത്തില്‍ കളര്‍ വ്യത്യാസം വരുന്നുവെന്നും സമീപത്തുള്ള അരുവിയിലൂടെ കറുത്ത നിറത്തിലുള്ള മലിനജലം ഒഴുകുന്നുവെന്നുമുള്ള വിവരത്തെ തുടര്‍ന്നാണ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സ്ഥലത്ത് എത്തിയത്. മഞ്ചേശ്വരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെദുമ്പാടിയിലെ ഫാക്ടറിയില്‍ നിന്നാണ് മലിനജലം പുറത്തേക്കൊഴുക്കുന്നത്. സമീപത്തെ ചെങ്കല്‍ പണയിലൂടെ ഒഴുക്കിവിട്ട് പരിസര മലിനീകരണത്തിനും മുടിമാര്‍ തോടിലൂടെ പൊസോട്ട് നദിയിലേക്ക് എത്തിച്ചേരുന്നതിനും കാരണമാകുവെന്നാണ് പരാതി. കശുവണ്ടിയില്‍ നിന്നും എണ്ണ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണിത്. ഒരു വര്‍ഷം മുമ്പാണ് സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങിയത്. സ്ഥാപനത്തിലെ മലിനജല സംസ്‌കരണത്തിനുള്ള പ്ലാന്റ്, ആവശ്യമായ മോട്ടോറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ നിയമ ലംഘനത്തിന് ഉടമയ്ക്ക് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 50,000 രൂപ പിഴ ചുമത്താന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പ്ലാന്റില്‍ നിന്നുള്ള മലിനജലം ഫാക്ടറി പരിസരത്തു തന്നെ സംസ്‌കരിക്കുന്നതിനും ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടം മുഖേന സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത് എച്ച്, അസിസ്റ്റന്റ് സെക്രട്ടറി ഐത്തപ്പ നായിക്ക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍ കെ, ക്ലാര്‍ക്ക് ഹരിത ആര്‍, സ്‌ക്വാഡ് അംഗം ടി.സി ഷൈലേഷ് എന്നിവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page