ഓടുമേഞ്ഞ കെട്ടിടം: മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ ഏഴു ക്ലാസ് റൂമുകള്‍ ഒഴിപ്പിച്ചു

കാസര്‍കോട്: ശക്തമായ കാലവര്‍ഷത്തെ മുന്‍നിര്‍ത്തി സ്‌കൂളുകളില്‍ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ ഏഴു ക്ലാസ് റൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്ന ഓടുമേഞ്ഞ കെട്ടിടങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ഒഴിപ്പിച്ചു. താല്‍ക്കാലികമായിട്ടാണ് ഈ നടപടിയെന്നാണ് വിവരം. കാലപ്പഴക്കം ചെന്ന ഓടുമേഞ്ഞ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സുരക്ഷാ ഭീഷണിയുള്ളതിനാലാണ് കുട്ടികളെ മാറ്റിയത്. സ്‌കൂളില്‍ ക്ലാസ് റൂമുകളുടെ കുറവുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ക്കുള്ളത്. കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമുണ്ട്. സ്‌കൂള്‍ പിടിഎയും ഈ വിഷയത്തില്‍ അധ്യാപകരുടെ നിലപാടിനൊപ്പമാണ്. സ്‌കൂളില്‍ 2500 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ആവശ്യമായ കെട്ടിടസൗകര്യം ഇവിടെയില്ല. സ്‌കൂള്‍ കെട്ടിടത്തിനായി പിടിഎ-എസ്എം സി കമ്മിറ്റികള്‍ നിരന്തരമായി ബന്ധപ്പെട്ടവരെ സമീപിക്കുന്നുണ്ട്. ഇതിനിടയിലാണ് സ്‌കൂളിലെ വികസന ഫണ്ട് തിരിമറി നടന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷയുടെ ഭാഗമായി വൈദ്യുതി ലൈന്‍ കടന്നുപോകുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍, തകര്‍ച്ചാ ഭീഷണി നേരിടുന്ന കെട്ടിടങ്ങള്‍ എന്നിവ അധികൃതര്‍ ഇപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page