കഞ്ചാവ് വലിക്കണം, പണമില്ല, 20 രൂപ ചോദിച്ചപ്പോള്‍ കൊടുത്തില്ല; മാതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍

ഗുരുഗ്രാം: ഇരുപത് രൂപ നല്‍കാത്തതിന് മാതാവിനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കഴുത്തിന് വെട്ടേറ്റ സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ജയ്സിങ്പുര്‍ ഗ്രാമത്തിലുള്ള റസിയ (65) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ ജംഷദി(20)നെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്ക് അടിമയാണ് അറസ്റ്റിലായ ജംഷദെന്ന് നാട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് ദാരുണസംഭവം നടന്നത്. അന്നേ ദിവസം രാത്രി റസിയയോട് ജംഷാദ് 20 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാന്‍ റസിയ തയ്യാറായില്ല. റസിയ ഉറങ്ങിയതിനുശേഷം ജംഷദ് പണം മോഷ്ടിക്കാന്‍ ശ്രമം നടത്തി. അവര്‍ ഉണര്‍ന്നതോടെ പണം പിടിച്ചു വാങ്ങി. ഇതില്‍ പ്രകോപിതനായ ജംഷദ് ആദ്യം കല്ലുകൊണ്ട് റസിയയെ ആക്രമിച്ചു. ഇടിയേറ്റ് കട്ടിലിലേക്ക് വീണ റസിയ നിലവിളിച്ചതോടെ മറ്റ് കുടുംബാംഗങ്ങള്‍ ഉണരുകയും ഇവരുടെ മരുമകള്‍ റസിയയെ രക്ഷിക്കാനെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരെയും ജംഷദ് ആക്രമിച്ചു. പിന്നീട് മറ്റൊരു മുറിയില്‍പോയി കോടാലിയെടുത്ത് വന്ന് റസിയയെ വെട്ടുകയായിരുന്നു. റസിയ സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊലയ്ക്ക് ശേഷം മൃതദേഹത്തിനരികില്‍ തന്നെ കിടന്ന് ജംഷദ് ഉറങ്ങി. ഞായറാഴ്ച രാവിലെ പൊലീസെത്തി ജംഷദിനെ അറസ്റ്റുചെയ്തു. റസിയയുടെ ഭര്‍ത്താവ് നാലു മാസം മുമ്പാണ് മരിച്ചത്. അസമില്‍നിന്ന് ഹരിയാനയിലേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് എത്തിയവരാണ് ഇവര്‍. റസിയയുടെ നാല് ആണ്‍മക്കളില്‍ ഇളയവനാണ് ജംഷദ്. ജംഷദ് ഏറെക്കാലമായി കഞ്ചാവും കറുപ്പും ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page