ഒമാനില്‍ ജോലിക്ക് പോയ സൂര്യ നാല് ദിവസത്തിനുശേഷം തിരിച്ചെത്തി, കയ്യിൽ ഒരു കിലോ എംഡി എം എ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട, യുവതിയടക്കം നാലുപേർ പിടിയിൽ

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒമാനില്‍ നിന്ന് എത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി സൂര്യയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. എംഡിഎംഎ കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികളും പൊലീസ് വലയിലായി.മിശ്രിത രൂപത്തിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഒമാനിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച എംഡിഎംഎ ആണ് പിടികൂടിയത്. ജൂലൈ 16നാണ് ജോലി അന്വേഷിച്ച് പത്തനംതിട്ട സ്വദേശി സൂര്യ ഒമാനിലേക്ക് പോയത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച തിരിച്ചെത്തിയത് ഒരു കിലോ എംഡിഎംഎയുമായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്നിറങ്ങിയ യുവതി ചോക്ലേറ്റ് പാക്കറ്റുകളിലും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസും ഡാന്‍സഫും ചേര്‍ന്ന് പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൂര്യയെ കാത്ത് പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികളായ മുഹമ്മദ് റാഫി, അലി അക്ബര്‍, ഷഫീഖ് എന്നിവർ വിമാനത്താവളത്തിന് പുറത്ത് രണ്ട് കാറുകളിലായി എത്തിയിരുന്നു. സൂര്യയുടെ കൈയ്യിൽ നിന്നും എംഡിഎംഎ വാങ്ങി കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. മൂന്നു പേരെയും അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. കരിപ്പൂരിലെ പൊലീസ് എയ്‌ഡ് പോസ്റ്റിൽ ഏറെ നേരം പ്രതികളെ ചോദ്യം ചെയ്തു. വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page