കുടുംബ കലഹം; ഭര്‍ത്താവിനെ കൊന്ന് കുഴിച്ചു മൂടി, പുറത്തറിയാതിരിക്കാന്‍ കേരളത്തില്‍ ജോലിക്ക് പോയെന്ന് പ്രചരിപ്പിച്ചു, ഒടുവില്‍ 38 കാരി പിടിയില്‍

ഗുവാഹത്തി: അസമില്‍ ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരി പിടിയില്‍. ഗുവാഹത്തിയിലെ പാണ്ടു ജോയ്മതി നഗറിലെ റഹീമാ ഖാത്തൂന്‍ ആണ് ഭര്‍ത്താവ് സബിയാലി(40)നെ
കൊലപ്പെടുത്തിയത്. ജൂണ്‍ 26നാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് കൊല നടത്തിയത്. ആക്രിക്കച്ചവട ജോലി കഴിഞ്ഞ് മദ്യപിച്ചെത്തിയ സബിയാലുമായി റഹീമ വഴക്കിടുകയായിരുന്നു. വാക്കേറ്റം സംഘര്‍ഷത്തിലെത്തിയതോടെ ഭര്‍ത്താവിനെ അടിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് വീടിന്റെ പരിസരത്തുതന്നെ അഞ്ചടി താഴ്ച്ചയുള്ള കുഴിയെടുത്ത് സബിയാലിന്റെ മൃതദേഹം മറവുചെയ്തു. അടുത്ത ദിവസം സബിയാലിന്റെ ബന്ധുക്കള്‍ അന്വേഷിച്ചു വന്നപ്പോള്‍ ജോലിക്കായി കേരളത്തില്‍ പോയെന്നായിരുന്നു റഹീമയുടെ മറുപടി. പരിസരവാസികളോടും റഹീമ അതുതന്നെയാണ് പ്രചരിപ്പിച്ചത്. എന്നാല്‍ തന്റെ കഥയില്‍ ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നതായി മനസ്സിലാക്കിയ റഹീമ, തനിക്ക് സുഖമില്ലെന്ന് അയല്‍ക്കാരോട് പറയുകയും ആശുപത്രിയില്‍ പോകാനെന്ന വ്യാജേന വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇതോടെ സബിയാലിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് തന്നെ തേടുന്നുണ്ടെന്നറിഞ്ഞ യുവതി തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പൊലീസ് സ്റ്റേഷനില്‍ നടത്തിയ ആദ്യ ചോദ്യം ചെയ്യലില്‍ തന്നെ റഹീമാ ഖാത്തൂന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
ജൂണ്‍ 26-ന് രാത്രിയുണ്ടായ വഴക്കിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി റഹീമ സമ്മതിച്ചു. ഭര്‍ത്താവ് മദ്യപിച്ചിരുന്നതായും ഇരുവരും പരസ്പരം ആക്രമിച്ചിരുന്നതായും റഹീമ പറഞ്ഞു. ഇത്രയും വലിയ കുഴിയെടുത്ത് മൃതദേഹം ഉപേക്ഷിക്കാന്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സാധിക്കില്ല എന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും കൂടി പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. അതേ സമയം സബിയാലിന്റെ മൃതദേഹം പുറത്തെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page