കൊച്ചി: പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ അമ്മയുടെയും മകളുടെയും നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ. എൽസി മാർട്ടിനും മകൾ അലീനയും കണ്ണുതുറന്നു. ഇവർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എൽസിക്ക് 45 ശതമാനവും അലീനയ്ക്ക് 35 ശതമാനവുമാണ് പൊള്ളലേറ്റത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന എൽസിയുടെ മകൻ ആൽഫിനും മകൾ എമിയും ശനിയാഴ്ചയാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണുള്ളത്. എൽസിക്കു ബോധം വന്നതിനു ശേഷമാകും സംസ്കാര ചടങ്ങുകൾ നടത്തുകയെന്നാണ് ബന്ധുക്കൾ അറിയിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5നാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ എൽസി ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം കുട്ടികളുമായി പുറത്തേക്ക് പോകാൻ കാർ സ്റ്റാർട്ട് ചെയ്തു. പിന്നാലെ വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. എൽസിയുടെ അമ്മ ഡെയ്സിക്കും അപകടത്തിൽ പരുക്കേറ്റിരുന്നു.
