ബംഗളൂരു: പ്രേതബാധയെന്ന് ആരോപിച്ച് മന്ത്രവാദിനിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍ ശിവമോഗ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചേയാണ് മരണപ്പെട്ടവിവരം പുറത്തറിയുന്നത്. ജംബര്‍ഗട്ടയില്‍ താമസിക്കുന്ന 55 കാരി ഗീതമ്മയാണ് മന്ത്രവാദിനി ആശയുടെ ചൂരല്‍ പ്രയോഗത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗീതമ്മയുടെ മകന്‍ സഞ്ജയ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഗീതമ്മയ്ക്ക് പ്രേതബാധയേറ്റതായി വിശ്വസിച്ച മകന്‍ ഞായറാഴ്ച വൈകീട്ട് മന്ത്രവാദിനിയായ ആശയെന്ന സ്ത്രീയെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആശയും ഭര്‍ത്താവ് സന്തോഷും ചേര്‍ന്ന് ബാധയൊഴിപ്പിക്കല്‍ ആരംഭിച്ചു. തനിക്ക് ചൗഡമ്മ ദേവിയുടെ അനുഗ്രഹമുണ്ടെന്ന് മന്ത്രവാദി ആശ ഗ്രാമവാസികള്‍ക്കിടയില്‍ പ്രചരണം നടത്തിയിരുന്നു. ബാധ ഒഴിപ്പിക്കുന്നുവെന്ന് പറഞ്ഞ് രാത്രി 9 മുതല്‍ പുലര്‍ച്ചെ 3 വരെ ആശ ഗീതമ്മയെ ചൂരല് കൊണ്ട് മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗീതമ്മ ആശുപത്രിയില്‍ വച്ച് മരിച്ചു. ചൂരല്‍കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യം മകന്‍ കുടുംബ ഗ്രൂപ്പുകളില്‍ പോസ്റ്റുചെയ്തിരുന്നു. ഇത് വൈറലായതോടെയാണ് സഞ്ജയ്, ആശ, ആശയുടെ ഭര്‍ത്താവ് സന്തോഷ് എന്നിവര്‍ അറസ്റ്റിലായത്. ഹോളേഹൊന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
