കൊച്ചി: സ്കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പിലാക്കിയതിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി 3 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് മെമോ നൽകിയതിന്റെ പിറ്റേ ദിവസം സസ്പെൻഡ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന അഷ്റഫിന്റെ വാദം അംഗീകരിച്ചാണ് ഉത്തരവ്.
സസ്പെൻഷൻ നടപടി പുനപരിശോധിക്കണമെന്നും കാരണം കാണിക്കൽ നോട്ടിസിന് ഹർജിക്കാരൻ നൽകിയ മറുപടി കൂടി ഇക്കാര്യത്തിൽ പരിഗണിക്കണമെന്നും ജസ്റ്റിസ് ഡി.കെ. സിങ് ഉത്തരവിട്ടു.
വിദ്യാലയത്തിലേക്കു കുട്ടികളെ അയയ്ക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണെന്നും ആൺ,പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമാണ് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ അഷ്റഫ് പോസ്റ്റിട്ടത്. പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പാലക്കാട് എടത്തനാട്ടുകര ടിഎഎം യുപി സ്കൂൾ മാനേജ്മെന്‍റിന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കുകയായിരുന്നു.








