കോട്ടയം എം സി റോഡിൽ ബൊലേറോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

കോട്ടയം: എം സി റോഡിൽ കോടിമതയിൽ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ജീപ്പിലെ യാത്രക്കാരായിരുന്ന കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ജാദവ് എന്നയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം. മണിപ്പുഴ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൊലേറോ ജീപ്പ്. ഈ സമയം എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൊലേറോ ജീപ്പ് പൂർണമായും തകർന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടവിവരം അറിഞ്ഞ് കോട്ടയത്തു നിന്ന് അഗ്നിരക്ഷാസേനാ യൂണിറ്റ് സംഘം സ്ഥലത്തെത്തി.
അപകടത്തിൽപ്പെട്ട ജീപ്പിനുള്ളിൽ പെട്ട ഡ്രൈവർ ജെയ്‌മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിരക്ഷാസേനയുടെ ആംബുലൻസിലും മറ്റ് ആംബുലൻസുകളിലുമായാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പിക്കപ്പ് വാനിനുള്ളിലുണ്ടായിരുന്ന രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page