കാസര്കോട്: ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനു സമീപത്ത് റോഡരുകില് നിര്ത്തിയിട്ടിരുന്ന കാറും എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റില്. കണ്ണൂര്, കാപ്പാട്, കടക്കര ടെമ്പിള് റോഡിലെ കെപി ഷാനിസ് (35), കര്ണാടക, പാണാജെ, അര്ളപ്പദവിലെ മുഹമ്മദ് അന്ഷാദ്(34) എന്നിവരെയാണ് കാസര്കോട് ടൗണ് പൊലീസ് ഇന്സ്പെക്
ടര് മെല്ബിന് ജോസും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളില് നിന്നു കര്ണാടക രജിസ്ട്രേഷനിലുള്ള കാറും 0.240 ഗ്രാം എംഡിഎംഎ.യും പിടികൂടി.
നീലേശ്വരം പൊലീസ് നേരത്തെ രജിസ്റ്റര് ചെയ്ത മയക്കുമരുന്നു കേസില് പിടികൂടിയ വാഹനം വിട്ടു കിട്ടുന്നതിന് വേണ്ടിയാണ് ഷാനിസ് ജില്ലാ പൊലീസ് ആസ്ഥാനത്തുള്ള നാര്ക്കോട്ടിക് സെല് ഡിവൈഎസ്പി ഓഫീസില് എത്തിയത്. ഈ സമയത്ത് തൂഫാന് പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ചേര്ന്നു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഓഫീസിനു പുറത്ത് റോഡരുകില് സംശയകരമായ സാഹചര്യത്തില് കാര് നിര്ത്തിയിട്ട നിലയില് കാണപ്പെട്ടത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി ഇരുവരും പിടിയിലായത് .







