വൊര്‍ക്കാടിയില്‍ അമ്മയെ ചുട്ടുകൊന്നത് പണത്തിനു വേണ്ടിയെന്ന് മകന്റെ മൊഴി; പരസ്പര വിരുദ്ധ മൊഴി പൂര്‍ണ്ണമായും വിശ്വസിക്കാതെ പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരം, വൊര്‍ക്കാടി, നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊന്തേര യുടെ ഭാര്യ ഹില്‍ഡ മൊന്തേര(60)യെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നത് ആധാരം പണയപ്പെടുത്തി പണം നല്‍കാത്ത വിരോധത്തില്‍. പ്രതിയായ മകന്‍ മെല്‍വി(34)നെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തിനു ശേഷം നാട്ടില്‍ നിന്നു മുങ്ങിയ മെല്‍വിനെ കര്‍ണ്ണാടകയിലെ കുന്താപുരത്തു വച്ചു പിടികൂടി മഞ്ചേശ്വരത്ത് എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മാതാവിനെ കൊന്നതിന്റെ കാരണം മകന്‍ പൊലീസിനോടു തുറന്നു പറഞ്ഞത്.
നിര്‍മ്മാണ തൊഴിലാളിയായ മെല്‍വിനും മാതാവ് ഹില്‍ഡയുമാണ് വീട്ടില്‍ താമസം. മറ്റൊരു മകന്‍ ഗള്‍ഫിലാണ്. ഏതാനും ആഴ്ചകളായി മെല്‍വിന്‍ ജോലിക്കൊന്നും പോയിരുന്നില്ല. എന്നാല്‍ സ്ഥിരമായി മദ്യപിക്കുന്നുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടയില്‍ തനിക്ക് സ്വത്ത് വീതിച്ചു തരണമെന്ന് മെല്‍വിന്‍ ആവശ്യപ്പെട്ടിരുന്നുവെന്നു പറയുന്നു. എന്നാല്‍ അതിനു മാതാവ് സമ്മതിച്ചിരുന്നില്ല. കൈവശം പണമില്ലെങ്കില്‍ സ്ഥലം പണയപ്പെടുത്തി രൂപ വേണമെന്ന് മെല്‍വിന്‍ ആവശ്യപ്പെട്ടുവെങ്കിലും മാതാവ് അതിനു തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു സംശയിക്കുന്നു. സ്വത്തിന്റെ കാര്യത്തില്‍ ബന്ധുവും അയല്‍ക്കാരിയുമായ ലൊളിത മാതാവിന്റെ ഭാഗത്തു നിന്നു എന്ന വിരോധത്തിലാണ് വീട്ടിലേക്ക് വിളിച്ചു വരുത്തി അവരെയും തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും സംശയിക്കുന്നു. മദ്യലഹരിയില്‍ ആണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. കല്യാണം കഴിക്കുന്നതിനു ആഗ്രഹമുണ്ടെന്നു മാതാവിനോട് പല തവണ പറഞ്ഞിട്ടും പണം നല്‍കാനോ സ്വത്തു പണയം വയ്ക്കാനോ മാതാവ് സമ്മതിച്ചില്ല. ഇതൊക്കെ കാരണമാണ് അമ്മയെ കൊല്ലാന്‍ തീരുമാനിച്ചതെന്നു മെല്‍വിന്‍ പൊലീസിനു മൊഴി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page