വയനാട്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍? ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്ക്, വലിയ ശബ്ദംകേട്ടെന്ന് മുണ്ടക്കൈ നിവാസികള്‍

കല്‍പറ്റ: ആശങ്ക പരത്തി വയനാട്ടില്‍ ശക്തമായ മഴ. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈക്ക് സമീപം വെള്ളരിമലയില്‍ മണ്ണിടിച്ചിലെന്ന് സംശയം. വലിയ ശബ്ദം കേട്ടെന്നും ഉരുള്‍പൊട്ടലുണ്ടായെന്നും മുണ്ടക്കൈ നിവാസികള്‍ പറയുന്നു. പുന്നപ്പുഴയില്‍ ബെയിലി പാലത്തിന് സമീപം വലിയ കുത്തൊഴുക്കാണിപ്പോള്‍. ഇപ്പോള്‍ ഉരുള്‍ പൊട്ടിയത് നേരത്തെ പൊട്ടിയ പുഞ്ചിരിമട്ടം ഭാഗത്താകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറയുന്നു. അട്ടമലയിലേക്ക് പോകുന്ന വഴിയില്‍ ആശുപത്രിയുടെ ഭാഗത്ത് വെള്ളം കയറി. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നില്‍ വഴിയെല്ലാം ബ്ലോക്കായി. നിലവില്‍ ബെയ്‌ലി പാലം കടക്കാനാവില്ല. എല്ലാവരും സുരക്ഷിതരാണ്. ചൂരല്‍മലയില്‍ ജാഗ്രത വേണ്ട സമയമാണെന്നും നാട്ടുകാര്‍ പറഞ്ഞു. മണ്ണിടിച്ചില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. മുണ്ടക്കൈ വനമേഖലയില്‍ നൂറു മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ഫയര്‍ഫോഴ്‌സും പൊലീസും മേഖലയിലേക്ക് തിരിച്ചു. ചൂരല്‍മരയില്‍ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്താനാണ് അധികൃതര്‍ ഒരുങ്ങുന്നത്. അതിനിടെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ മുണ്ടക്കൈയില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് അടക്കമുള്ള വാഹനങ്ങള്‍ ജനങ്ങള്‍ തടഞ്ഞു പ്രതിഷേധിക്കുകയാണ്. വില്ലേജ് ഓഫീസറെയും റവന്യൂ ഉദ്യോഗസ്ഥരെയും തടഞ്ഞു. മഴശക്തമാകുന്നതിനാല്‍ ജനങ്ങളോട് ജാഗ്രതപാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചതായി ടി.സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page