ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ 27ന്; രാഷ്ട്രീയത്തിനൊപ്പം സിനിമയിലും സജീവ സാന്നിധ്യമായി നിലമ്പൂരിന്റെ ബാവൂട്ടി

മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് 27ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം 3.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും.11,077 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം.മുൻ മന്ത്രിയും മലപ്പുറത്തെ കോൺഗ്രസിന്റെ മുഖവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകനായ ഷൗക്കത്ത് രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്കാരിക മേഖലകളിലും സജീവമാണ്.പതിനാലാം വയസ്സിൽ നിലമ്പൂർ മാനവേദൻ സ്കൂളിൽ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് കെ.എസ്.യു താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു.2005ൽ നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റുമായി. ഇക്കാലയളവിൽ ജ്യോതിർഗമയ പദ്ധതിയിലൂടെ എല്ലാവർക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള രാജ്യത്തെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെ ദേശീയ തലത്തിൽ ശ്രദ്ധ നേടി. തുടർന്ന് നിലമ്പൂർ നഗരസഭയായി മാറിയപ്പോൾ പ്രഥമ ചെയർമാനായി. 10 വർഷത്തോളം സ്ഥാനത്ത് തുടർന്നു. 2016ലെ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിച്ചെങ്കിലും ഇടതു സ്വതന്ത്രനായ പി.വി. അൻവറിനോടു പരാജയപ്പെട്ടു. അതേ അൻവർ ഇടതുവോട്ടുകൾ ചോർത്തിയതും ഇക്കുറി വിജയത്തെ സ്വാധീനിച്ചു.2003 ൽ പാഠം ഒന്നു ഒരു വിലാപം എന്ന സിനിമയുടെ കഥയും നിർമാണവും നിർവഹിച്ചു കൊണ്ടാണ് സിനിമയിലേക്കുള്ള രംഗ പ്രവേശം. വിലാപങ്ങൾക്കപ്പുറം, ദൈവനാമത്തിൽ, വർത്തമാനം എന്നീ സിനിമകളും രചിച്ചു.ഭാര്യ മുംതാസ് ബീഗവും മക്കളായ ഡോ. ഒഷിൻ സാഗ, ഒലിൻ സാഗ, ഒവിൻ സാഗ എന്നിവരും ഉൾപ്പെടുന്നതാണ് കുടുംബം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page