തേങ്ങവില തെങ്ങോളം ഉയരത്തില്‍; തേങ്ങ മോഷ്ടിച്ച യുവാവ് ബേഡകത്ത് അറസ്റ്റില്‍; പുഴയില്‍ ഒഴുകി വരുന്ന തേങ്ങകളുടെ എണ്ണം കുറഞ്ഞു, തേങ്ങ പിടിത്തക്കാര്‍ നിരാശയില്‍

കാസര്‍കോട്: തേങ്ങവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഒരു കിലോ തേങ്ങക്ക് തിങ്കളാഴ്ച 72 രൂപ മുതല്‍ 74 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. നനവില്ലാത്ത തേങ്ങ 74 രൂപ നിരക്കിലാണ് വാങ്ങിച്ചതെന്നു പെരിയയിലെ പ്രമുഖ മലഞ്ചരക്കു വ്യാപാരി സുനില്‍ കുമാര്‍ പറഞ്ഞു. വെളിച്ചെണ്ണ വിലയും ഉയരത്തിലാണ്. 400 രൂപയാണ് ഒരു ലിറ്ററിനു വില. ഇത് ഇനിയും ഉയരുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വില ഉയരുന്നതിനൊപ്പം തേങ്ങ മോഷണവും പതിവായതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. 200 തേങ്ങ മോഷ്ടിച്ച ആളെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു. മുന്നാട്, ജയപുരത്തെ മണി (34)യെ ആണ് അറസ്റ്റ് ചെയ്തത്. പായത്തെ എം. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. പെരിങ്ങാനത്തെ തോട്ടത്തില്‍ വീണു കിടന്ന 80 കിലോ തൂക്കം വരുന്ന 200 തേങ്ങകളാണ് മോഷണം പോയതെന്നു ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. 5600 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേ സമയം പുഴയിലും തോടുകളിലും ഒഴുകിയെത്തുന്ന തേങ്ങ പിടിക്കുന്നവര്‍ ഇത്തവണ നിരാശയിലാണ്. നേരത്തെ പ്രതിദിനം നൂറു തേങ്ങകള്‍ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 10 തേങ്ങകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. മികച്ച വില ലഭിക്കുന്നതു കാരണം തേങ്ങ നഷ്ടപ്പെടാതിരിക്കുവാന്‍ കര്‍ഷകര്‍ ജാഗ്രത കാണിക്കുന്നതാണ് തേങ്ങ പിടിത്തക്കാരെ നിരാശയിലാക്കിയത്. റബ്ബര്‍ വിലയും മെച്ചപ്പെട്ടു വരുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. കോട്ടയം മാര്‍ക്കറ്റില്‍ 200 രൂപ കടന്നു. വെള്ളരിക്കുണ്ട്, പെരിയ മാര്‍ക്കറ്റുകളില്‍ 197 രൂപയാണ് തിങ്കളാഴ്ച കര്‍ഷകര്‍ക്ക് ലഭിച്ചത്. 490 രൂപ വരെ എത്തിയ അടയ്ക്ക വില 475ല്‍ എത്തി മാറ്റമില്ലാതെ തുടരുന്നു. കുരുമുളകിനു പത്തു രൂപ വര്‍ധിച്ച് 650 രൂപയായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page