ഭര്‍തൃവീട്ടില്‍ നിന്നും പെര്‍വാഡ് കടപ്പുറത്തെ സ്വന്തം വീട്ടില്‍ എത്തിയ യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കി; മരണം മജിസ്‌ട്രേറ്റ് രഹസ്യ മൊഴി എടുത്തതിനു പിന്നാലെ

കാസര്‍കോട്: മംഗ്‌ളൂരുവിലെ ഭര്‍തൃവീട്ടില്‍ നിന്നു കുമ്പള, പെര്‍വാഡിലെ സ്വന്തം വീട്ടിലെത്തി എലിവിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെര്‍വാഡ് കടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍-നഫീസ ദമ്പതികളുടെ മകള്‍ സാജിത ബാനു (32) ആണ് ചൊവ്വാഴ്ച രാവിലെ 6ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. ഗുരുതര നിലയില്‍ കഴിഞ്ഞിരുന്ന യുവതിയില്‍ നിന്നു കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് മൊഴിയെടുത്തിരുന്നു. ജൂണ്‍ 19ന് ആണ് സാജിതാബാനു മംഗ്‌ളൂരുവിലുള്ള ഭര്‍ത്താവ് മുഹമ്മദ് നാസിഫിന്റെ വീട്ടില്‍ നിന്നും മക്കളെയും കൂട്ടി പെര്‍വാഡിലെ സ്വന്തം വീട്ടിലെത്തിയത്. ഈ സമയത്ത് സഹോദരന്റെ ഭാര്യ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മറ്റു കുടുംബാംഗങ്ങളെല്ലാം കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നുവെന്നു പറയുന്നു. വീട്ടില്‍ എത്തി മുറിക്കകത്തു കയറിയ സാജിതാബാനുവിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരുന്നത് കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് അവശനിലയില്‍ കണ്ടെത്തിയത്. സഹോദര ഭാര്യ വിവരം ഉടന്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കളെത്തി ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലേക്ക് കൊണ്ടു പോവുകയായിരുന്നു. നില അതീവ ഗുരുതരമായതിനെ തുടര്‍ന്നാണ് പൊലീസിന്റെ അപേക്ഷ പ്രകാരം മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി രഹസ്യമൊഴിയെടുത്തത്.
കുടുംബപ്രശ്‌നം മൂലമുള്ള മനോവിഷമം കാരണമാണ് സാജിതാബാനു എലിവിഷം കഴിച്ചതെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മക്കള്‍: ആയിഷത്ത് നസീബ, ഫാത്തിമത്ത് സഹദിയ, ഉമ്മുകുല്‍സു. സഹോദരങ്ങള്‍: സാദിഖ്, സമീര്‍, ഫിറോസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page