അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിജയ് രൂപാണി നരേന്ദ്രമോദിയുടെ വിശ്വസ്തൻ, വിമാനാപകടത്തിൽ മരിക്കുന്ന രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ച മുൻ മുഖ്യമന്ത്രി വിജയ് രൂപാണി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ നേതാവ്. ലണ്ടനിലുള്ള ഭാര്യയെയും മകനെയും കാണാൻ പോകുകയായിരുന്നു രൂപാണി. 2016 മുതൽ 2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.
കോളജ് പഠനകാലത്ത് എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ആർഎസ്എസിൽ ചേരുകയും 1971ൽ ജനസംഘത്തിൽ അംഗമാകുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിനു ജയിലിലടയ്ക്കപ്പെട്ടു. 1996 ൽ രാജ് കോട്ട് മേയറായി. 2006ൽ ഗുജറാത്ത് ടൂറിസം ചെയർമാനായി. തുടർന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായി. 2014ലെ ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ ജലം, ഗതാഗതം, തൊഴിൽ വകുപ്പുകളുടെ മന്ത്രിയായി. തുടർന്ന് സംസ്ഥാന പ്രസിഡന്റു സ്ഥാനവും വഹിച്ചു. 2016 ഓഗസ്റ്റ് 7ന് ഗുജറാത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2021 സെപ്റ്റംബർ 11 വരെ സ്ഥാനത്തു തുടർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായാണ് രൂപാണി അറിയപ്പെടുന്നത്. ഒട്ടേറെ മുതിർന്ന നേതാക്കളുണ്ടായിട്ടും മുഖ്യമന്ത്രിയായി രൂപാണിയെ തിരഞ്ഞെടുത്തതിനു പിന്നിലും ഈ വിശ്വാസമായിരുന്നു.
നിലവിൽ പഞ്ചാബിൽ പാർട്ടിയുടെ ചുമതല വഹിച്ചിരുന്നു. ലുധിയാന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കാൻ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് അന്ത്യം.
വിമാനാപകടത്തിൽ മരിക്കുന്ന രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് രൂപാണി. 1965 സെപ്റ്റംബറിൽ ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന ബൽവന്ത്റായ് മേത്തയും വിമാനാപകടത്തിലാണ് മരിച്ചത്. ഇന്തോ-പാക് യുദ്ധത്തിനിടെ മേത്ത സഞ്ചരിച്ച വിമാനം വ്യോമസേന വെടിവച്ചിടുകയായിരുന്നു. സൈനിക വിമാനമാണെന്ന് തെറ്റിദ്ധാണ് മേത്ത സഞ്ചരിച്ച യാത്ര വിമാനം വെടിവച്ചിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page