പട്ന: സ്ത്രീധനം മുഴുവനായി നൽകാത്തതിനാൽ ഭർതൃവീട്ടുകാർ യുവതിയുടെ വൃക്ക ആവശ്യപ്പെട്ടതായി പരാതി. ബിഹാർ മുസഫർപുർ സ്വദേശി ദീപ്തിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2021ലായിരുന്നു ദീപ്തിയുടെ വിവാഹം. രണ്ടു വർഷത്തിനു ശേഷമാണ് ഭർതൃവീട്ടുകാർ പണവും ബൈക്കും സത്രീധനമായി ആവശ്യപ്പെട്ടത്. ഇതിനിടെ ഭർത്താവിന്റെ വൃക്കകളിലൊന്ന് തകരാറിലായി. ഇതോടെയാണ് സ്ത്രീധനം നൽകാൻ കഴിയാത്തതിനാൽ വൃക്കകളിലൊന്ന് വേണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടതെന്നു പറയുന്നു. ദീപ്തി ഇതിനു വിസമതിച്ചതോടെ മർദിക്കുകയും വീട്ടിൽ നിന്നു പുറത്താക്കുകയും ചെയ്തു. ദീപ്തി സ്വന്തം വീട്ടിൽ എത്തിയിട്ടും ഭീഷണി തുടർന്നു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് ഭർതൃ വീട്ടുകാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
