കോട്ടയം: സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശി രാമകൃഷ്ണന്‍ എന്ന ശരവണ പാണ്ഡ്യന്‍ (39) ആണ് അറസ്റ്റിലായത്. പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോയ്‌സ് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായത്.
ഇതോടെ ഒട്ടേറെ മോഷണ കേസുകളുടെ ചുരുളഴിഞ്ഞു. 2000 ല്‍ പിതാവിനോടൊപ്പം കാഞ്ഞിരപ്പള്ളിയില്‍ വാടകയ്ക്കു താമസിച്ചിട്ടുള്ള ഇയാള്‍ പിന്നീട് 2009 ലാണു ജില്ലയില്‍ മോഷണങ്ങള്‍ക്കു തുടക്കമിട്ടത്. കാഞ്ഞിരപ്പള്ളി, പാലാ, പൊന്‍കുന്നം, മുണ്ടക്കയം എന്നിവിടങ്ങളിലായി കടകള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലായി 14 മോഷണങ്ങള്‍ നടത്തിയിരുന്നു. കാണിക്കവഞ്ചികള്‍ എടുത്തുകൊണ്ടുപോയി വെട്ടിപ്പൊളിച്ച് പണം അപഹരിച്ച കേസുകളാണ് ഏറെയും. തമിഴ്നാട്ടിലെ തഞ്ചാവൂര്‍, തേനി എന്നിവിടങ്ങളില്‍ 11 മോഷണക്കേസുകളുമുണ്ട്. മുന്‍പുണ്ടായ പല കേസുകളും വക്കീലിനെ വയ്ക്കാതെ കോടതിയില്‍ വാദിച്ച രാമകൃഷ്ണന്‍ എല്‍എല്‍ബി പഠിച്ചിട്ടുണ്ട് എന്നു പറയപ്പെടുന്നു. ഇയാളുടെ ഭാര്യ തമിഴ്നാട്ടില്‍ വക്കീല്‍ ആയിരുന്നു. ഇപ്പോള്‍ വേര്‍പിരിഞ്ഞു കഴിയുകയാണ്. ഉത്തമപാളയത്ത് ഇപ്പോഴും അഭിഭാഷകന്‍ എന്ന നിലയിലാണു മറ്റുള്ളവരുടെ മുന്‍പില്‍ എത്തുന്നത്. അഭിഭാഷകനാണെന്നു പറഞ്ഞു കലക്ടറെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന കേസും തമിഴ്നാട്ടിലുണ്ട്.
