കോഴിക്കോട്: മലാപ്പറമ്പില്‍ ഫ്‌ലാറ്റ് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്കെതിരെ അന്വേഷണം. അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളെത്തുടര്‍ന്നാണ് പൊലീസുകാര്‍ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉപേഷ് എന്നിവരെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയുമായി സിറ്റിയിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ നേരത്തേ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത് കണ്ടെത്താന്‍ പൊലീസ് അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണ്‍ സിഡിആര്‍ പരിശോധിക്കുന്നുണ്ട്. ആരോപണത്തെ തുടര്‍ന്ന് പൊലീസുകാരായ ഇരുവരെയും നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മാറ്റിയതായാണ് വിവരം. 2022 ല്‍ മറ്റൊരു പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് നോട്ടീസ് നല്‍കി ബിന്ദുവിനെ വിട്ടയച്ചിരുന്നു. അന്ന് ആരോപണ വിധേയരായ പൊലീസുകാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടതായാണ് പറയുന്നത്. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷമാണ് സംഘം മലാപ്പറമ്പില്‍ താവളമാക്കിയത്. പ്രതികള്‍ക്ക് അനാശാസ്യ കേന്ദ്രം നടത്താന്‍ പുറമേ നിന്ന് സഹായം ലഭിച്ചതായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ സൂചന ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന സംശയം ഉയര്‍ന്നത്. പ്രതിയുടെ ഫോണിലെ വിശദാംശങ്ങളും സിം വിവരങ്ങളും ലഭ്യമായാലേ കൂടുതല്‍ നടപടിയിലേക്ക് കടക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്. കെട്ടിടം വാടകയ്ക്ക് ലഭിച്ച സാഹചര്യവും അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിക്കാത്ത കാലയളവില്‍ വാടക നല്‍കിയതും അന്വേഷിക്കുമെന്നും പൊലീസ് പറയുന്നു.
