‘14,000 വേണം… കേസില്‍ നിന്ന് ഒഴിവാക്കാം…’; മദ്യപിച്ച് വാഹനമോടിച്ച യുവാവിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ പയ്യാവൂരിലെ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിച്ച കേസില്‍ നിന്ന് ഒഴിവാക്കാന്‍ യുവാവില്‍നിന്ന് 14,000 രൂപ കൈക്കൂലി വാങ്ങിയ എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഇ.ഇബ്രാഹിം സീരകത്തിനെയാണ് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെന്‍ഡ് ചെയ്തത്. കോട്ടയം സ്വദേശിയായ അഖില്‍ ജോണിനെ 13ന് രാത്രി പൊലീസ് പിടികൂടിയിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിനെത്തുടര്‍ന്നാണ് സംഭവം. എന്നാല്‍ കേസെടുക്കുന്നതിന് പകരം അഖിലിന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു. അടുത്ത ദിവസം യുവാവിനെ വിളിച്ച് കേസ് മറ്റൊരാളുടെ പേരിലാക്കി രക്ഷപ്പെടുത്താമെന്നും ഇതിനു ചെലവുകള്‍ക്കായി 14,000 രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗൂഗിള്‍ പേ വഴി പണം വാങ്ങിയെന്നുമാണ് കണ്ടെത്തല്‍. നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. കൂടുതല്‍ അന്വേഷണത്തിനായി കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page