തിരുവനന്തപുരം: കാസർകോട്, ചെർക്കള, നെല്ലിക്കുന്ന് വൈദ്യുതി സെക്ഷൻ ഓഫീസുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ തുടർച്ചയായി രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കല്ലട്ര മാഹിൻ എം.എൽ.എ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി.
മുന്നറിയിപ്പില്ലാതെ ഇടവിട്ടുള്ള വൈദ്യുതി മുടക്കം വിദ്യാർഥികൾ, രോഗികൾ, വയോജനങ്ങൾ എന്നിവരടക്കമുള്ളവർക്ക് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളിലെ വൈദ്യുതി തടസ്സം ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും പഠനത്തെയും ആരോഗ്യപരിചരണത്തെയും പ്രതികൂലമായി ബാധിക്കുന്നതായി എം.എൽ.എ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സാങ്കേതിക തടസ്സങ്ങളാണ് വൈദ്യുതി മുടക്കത്തിന് കാരണമായി അധികൃതർ വിശദീകരിക്കുന്നതെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ കാസർകോട് ജില്ലയുടെ വൈദ്യുതി പാക്കേജിനായി സമർപ്പിച്ച 439.51 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം നൽകണമെന്നും എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടു.








നല്ല കാര്യം….. പക്ഷേ… നടക്കില്ല.