ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല കാണാനില്ല; കള്ളന്‍ കപ്പലില്‍ തന്നെ, സ്വര്‍ണം മോഷ്ടിച്ചു പണയം വച്ച മേല്‍ശാന്തി അറസ്റ്റില്‍

കോഴിക്കോട്: പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ മേല്‍ശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലന്‍ക്കാട് കപൂര്‍ സ്വദേശി ഹരികൃഷ്ണന്‍ (37) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയാണ് ഹരികൃഷ്ണന്‍ മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു.
മൂന്നുമാസം മുമ്പാണ് ഹരികൃഷ്ണന്‍ പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ചുമതലയേറ്റത്. ഏതാനും ദിവസമായി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാല കാണാതായിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ മേല്‍ശാന്തിയോട് അന്വേഷിച്ചു. കളഭം ചാര്‍ത്തിയതിന്റെ അടിയിലാണ് മാലയെന്നായിരുന്നു അന്ന് മറുപടി നല്‍കിയത്. സംശയം തോന്നിയ ഭാരവാഹികള്‍ തിങ്കളാഴ്ച വൈകുന്നേരം ഹരികൃഷ്ണനെ പോകാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചു. തുടര്‍ന്ന് പന്തീരാങ്കാവ് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മേല്‍ശാന്തിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തി. അപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് കാര്യസാധ്യത്തിനായി പലപ്പോഴും സ്വര്‍ണം ചാര്‍ത്താന്‍ ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്. മാല വിഗ്രഹത്തില്‍ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയില്‍ പണയം വെച്ചതായാണ് മേല്‍ശാന്തി പൊലീസിന് നല്‍കിയ മൊഴി. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page