കാണാതായെന്ന പരാതിയിൽ ലുക്ക് ഔട്ട് നോട്ടിസ് നിലവിലിരിക്കെ 16കാരന്റെ മൃതദേഹം സംസ്കരിച്ച് പൊലീസ്, ഗുരുതര വീഴ്ച

തിരുവനന്തപുരം: വെമ്പായം തേക്കടയിൽ നിന്നും കാണാതായ 16 വയസ്സുകാരൻ മരിച്ച സംഭവത്തിൽ പൊലീസിനു ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. തേക്കട സ്വദേശി അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസിനെതിരെ കുടുംബം രംഗത്തെത്തിയത്. കാണ്മാനില്ലെന്ന പരാതിയിൽ വട്ടപ്പാറ പൊലീസ് അന്വേഷണം നടത്തുമ്പോൾ ട്രെയിൻ തട്ടിമരിച്ച അഭിജിത്തിന്റെ മൃതദേഹം ആരോരുമറിയാതെ പേട്ട പൊലീസ് മറവ് ചെയ്തു.മാർച്ച് 3നാണ് അഭിജിത്തിനെ തേക്കടയിലെ വീട്ടിൽ നിന്നും സുഹൃത്തായ വലിയതുറ സ്വദേശി വിജയ് കൂട്ടി കൊണ്ടുപോകുന്നത്. സർബത്ത് ഉണ്ടാക്കുന്ന ജോലിക്കു പോകുന്ന അഭിജിത്ത് സാധാരണയായി വീട്ടിൽ നിന്നു പോയാൽ കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് തിരിച്ചെത്തുക. എന്നാൽ അഭിജിത്തിന്റെ വിവരമൊന്നും ലഭിക്കാത്തതോടെ അച്ഛൻ ബിജു 14ന് രേഖാമൂലം വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.അഭിജിത്തിനെ കൂട്ടിക്കൊണ്ടുപോയ വിജയിയെ അന്വേഷിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു. തുടർന്ന് അഭിജിത്തിന്റെ ചിത്രം ഉൾപ്പെടെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ലുക്ക് ഔട്ട് നോട്ടിസിറക്കി.എന്നാൽ മാർച്ച് 5ന് ട്രെയിൻ തട്ടി മരിച്ച അഭിജിന്റെ മൃതദേഹം പേട്ട പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. ലുക്ക് ഔട്ട് നോട്ടിസ് പോലും പരിശോധിക്കാതെ ഏപ്രിൽ ഒന്നിന് അജ്ഞാത മൃതദേഹമെന്ന് കാണിച്ച് അഭിജിത്തിനെ സംസ്കരിച്ചു.തിങ്കളാഴ്ച അഭിജിത്തിന്റെ സുഹൃത്ത് വിജയിയെ വട്ടപ്പാറ പൊലീസ് കണ്ടെത്തിയതോടെയാണ് ട്രെയിൻ തട്ടി മരിച്ച വിവരം അറിയുന്നത്. സുഹൃത്ത് മരിച്ചതറിഞ്ഞ് പേടിച്ച് നാടുവിട്ടെന്നാണ് വിജയ് പൊലീസിനോടു പറഞ്ഞത്. പേട്ട സ്റ്റേഷനിൽ ചെന്ന് ഫോട്ടോയിലൂടെ മരിച്ചത് മകനാണെന്ന് അച്ഛൻ ബിജു തിരിച്ചറിഞ്ഞു.ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനു അഭിജിത്ത് മുമ്പ് ചികിത്സ തേടിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ അസ്വഭാവികതയില്ലെന്നാണ് പേട്ട പൊലീസിന്റെ വിശദീകരണം. പാളത്തിലൂടെ അഭിജിത്ത് നടന്നു വരുമ്പോൾ ട്രെയിൻ തട്ടുന്നതിന് ദൃക്സാക്ഷികളുണ്ടെന്ന് പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page