കൊച്ചി: തൈക്കൂടത്ത് മാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ 10 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. തമ്മനം ഫൈസൽ, ഭായി നസീർ, വിനുജോസഫ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ഞായറാഴ്ച ഭായി നസീറിന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളുടെ മാമോദീസ ചടങ്ങിനിടെയാണ് സംഘർഷം ഉണ്ടായത്. വിനു ജോസഫ്, തമ്മനം ഫൈസലിനെയും കൂട്ടാളികളെയും ആക്രമിക്കുകയായിരുന്നു. എന്നാൽ പരാതി നൽകാൻ ആരും തയാറാകാത്തതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. സംഘം ചേരൽ, ഗൂഢാലോചന, ആക്രമണം അഴിച്ചുവിടൽ എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി.ഒരു ഇടവേളയ്ക്കു ശേഷമാണ് കൊച്ചിയിൽ ഗുണ്ടാ സംഘങ്ങൾ പരസ്യമായി ഏറ്റുമുട്ടുന്നത്. കാപ്പ ചുമത്താൻ തുടങ്ങിയതോടെ ഏറ്റുമുട്ടലുകൾ കുറഞ്ഞിരുന്നു.
