ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെയും നടി അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. ഹൈദരാബാദിൽ നിന്നുള്ള ചിത്രകാരി സൈനബ് റാവ്ജിയാണ് വധു.
നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന വിവാഹ ചടങ്ങിൽ നടൻ രാംചരണും പങ്കെടുത്തു. കഴിഞ്ഞ നവംബറിലാണ് 39 വയസ്സുകാരിയായ സൈബുമായി പ്രണയത്തിലാണെന്നും വിവാഹ നിശ്ചയം കഴിഞ്ഞെന്നും 30കാരനായ അഖിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ആന്ധ്രയിലെ പ്രമുഖ വ്യവസായി സുൽഫി റാവ്ജിയുടെ മകളാണ് സൈനബ്. ചിത്രകാരിയായ സൈനബ് ഇന്ത്യക്കു പുറമെ ദുബായിലും ലണ്ടനിലും ഒട്ടേറെ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
2015ൽ അഖിൽ എന്ന സിനിമയിലൂടെയാണ് അഖിൽ അക്കിനേനി നായകനായി അരങ്ങേറിയത്. 2023ൽ അഖിലിനെ നായകനാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത ഏജന്റ് എന്ന ചിത്രത്തിൽ മമ്മൂട്ടിയും സുപ്രധാന വേഷത്തിലെത്തിയിരുന്നു. ഇതോടെ മലയാളികൾക്കു സുപരിചിതനാണ് അഖിൽ. 2016ൽ ബിസിനസുകാരി ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹ നിശ്ചയം നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നു പിന്മാറി.







