പട്ടാപ്പകൽ വീട്ടിൽനിന്ന് 14 പവൻ കവർന്നു; ഒരു വർഷത്തിനുശേഷം പ്രതി പിടിയിൽ, മോഷണം നടത്തിയത് മരുമകൾ

ആലപ്പുഴ: കായംകുളം പുതുപ്പള്ളിയിൽ വീട്ടിൽ നിന്ന് പട്ടാപ്പകൽ പതിനാലര പവൻ സ്വർണ്ണം മോഷണം പോയ കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ. പുതുപ്പള്ളി പ്രയാർ പനക്കുളത്ത് പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിലാണ് ഇയാളുടെ മകന്റെ ഭാര്യയായ പുതുപ്പള്ളി നെടിയത്ത് വീട്ടിൽ ഗോപിക (27) പിടിയിലായത്. 2024 മേയ് 10നാണ് വീട്ടിൽ മോഷണം നടന്നത്. കിടപ്പുമുറിയിലെ കബോർഡിലുണ്ടായിരുന്ന ഒരു പവന്റെ നാല് വളകളും 10 പവന്റെ മാലയും അര പവൻ തൂക്കമുള്ള താലിയും ഉൾപ്പെടെ പതിനാലര പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. ലോക്കറിൽ വയ്ക്കാനായി ഗോപികയെ ഏൽപ്പിച്ച 11 പവൻ സ്വർണ്ണം കഴിഞ്ഞ മൂന്നാം തീയതി ലോക്കറിൽ നിന്ന് എടുത്തുകൊണ്ട് വരുന്നതിനിടെ നഷ്ടപ്പെട്ടതായി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വിവരങ്ങൾ ചോദിച്ചറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു. മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഗോപിക താമസിക്കുന്ന സാബു ഗോപാലന്റെ ഉടമസ്ഥതയിലുള്ള പ്രയാർ വടക്ക് പനക്കുളത്ത് പുത്തൻവീട്ടിൽ അന്വേഷണം നടത്തി. തുടർന്ന് ഗോപികയുടെ ബാഗിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു. തുടർന്ന് ഗോപികയെ വിശദമായി ചോദ്യം ചെയ്തപ്പോൾ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത് താനാണെന്ന് സമ്മതിക്കുകയുമായിരുന്നു. മോഷ്ടിച്ച സ്വർണം ഗോപിക ബന്ധുവഴി വിൽക്കുകയായിരുന്നു. ആ പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തിലിരുന്ന സ്വർണം എടുത്തതായും സമ്മതിച്ചു. കായംകുളം സി.ഐ അരുൺ ഷാ, എസ്.ഐ രതീഷ് ബാബു,എ.എസ്.ഐ ജീജാദേവി, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page