ബന്ധം തുടരാന്‍ സമ്മതിച്ചില്ല; മുന്‍ കാമുകിയുടെ വീടിനു നേരെ എറിയാന്‍ എടുത്ത ഗ്രനേഡ് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു

ബാങ്കോക്ക്: ബന്ധത്തില്‍ നിന്നു പിന്മാറിയതിന് മുന്‍ കാമുകിയുടെ വീടിനു നേരെ ഗ്രനേഡ് എറിഞ്ഞ യുവാവ് സ്‌ഫോടനത്തില്‍ മരിച്ചു. മുന്‍ കാമുകി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തായ്‌ലന്‍ഡിലെ ചാന ജില്ലയിലാണ് സംഭവം. സുരപോങ് തൊങ്‌നാക്ക്(35) ആണ് മരിച്ചത്. മറ്റു 4 പേര്‍ക്ക് പരുക്കേറ്റു. സുരപോങ്ങുമായുള്ള ബന്ധത്തില്‍ നിന്നു യുവതി പിന്മാറിയിരുന്നു. പിന്നാലെ ബന്ധം തുടരണമെന്ന് ആവശ്യവുമായി ഇയാള്‍ യുവതിയുടെ വീട്ടിലെത്തി. എന്നാല്‍ യുവതി ഇതിനു തയാറായില്ല. ഇതോടെ കയ്യില്‍ കരുതിയിരുന്ന കത്രിക കൊണ്ട് യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് യുവതിയെ രക്ഷിച്ചു. തുടര്‍ന്ന് തന്റെ കാറില്‍ സൂക്ഷിച്ചിരുന്ന എം26 ഫ്രാഗ്മെന്റേഷന്‍ ഗ്രനേഡ് യുവതിയുടെ വീട് ലക്ഷ്യമാക്കി ഇയാള്‍ എറിഞ്ഞു. എന്നാല്‍ ഇതു പൊട്ടിയില്ല. ഇതോടെ വീണ്ടും എറിയുന്നതിനായി കയ്യിലെടുത്ത് പരിശോധിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. സമീപത്തുണ്ടായിരുന്ന 4 പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ സ്‌ഫോടന സമയം വീട്ടിലേക്ക് തിരികെ കയറിയതിനാല്‍ യുവതി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇയാളുടെ കാറില്‍ നിന്നു പൊലീസ് ലഹരിമരുന്ന് കണ്ടെത്തി. 500 ഗ്രാം മെത്താഫെറ്റമിനാണ് കാറിലുണ്ടായിരുന്നത്. 5 വര്‍ഷം മുന്‍പ് ലഹരിക്കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നെന്നു പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page