തമിഴ് നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു, മലയാള സിനിമയിലും അഭിനയിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ച് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും നിരവധി തെലങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1949 ഡിസംബര്‍ 20 ന് തമിഴ്നാട്ടിലെ മന്നാര്‍ഗുഡിയില്‍ ആണ് ജനനം. 1974ല്‍ പുറത്തിറങ്ങിയ അവള്‍ ഒരു തൊടര്‍ക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. 1979-ല്‍ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി. കമല്‍ഹാസന്‍, വിജയ് തുടങ്ങിയ പ്രമുഖ നടന്മാരോടൊപ്പം നിരവധി പടങ്ങളില്‍ അഭിനയിച്ചു. കെ. ബാലചന്ദര്‍ സംവിധാനംചെയ്ത അച്ചമില്ലൈ അച്ചമില്ലൈ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. ഈ ചിത്രത്തിനുശേഷം ക്യാരക്റ്റര്‍ റോളുകളില്‍ ചെയ്യുന്നതില്‍ രാജേഷ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവര്‍, നേരുക്ക് നേര്‍, ദീന, സിറ്റിസെന്‍, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധര്‍മപുരി, തിരുപ്പതി, സര്‍ക്കാര്‍, മാസ്റ്റര്‍, യാതും ഊരേ യാവരും കേളിര്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചില ചിത്രങ്ങള്‍. മലയാളത്തില്‍ അലകള്‍, ഇതാ ഒരു പെണ്‍കുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇണ്‍ടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍. മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവര്‍ക്ക് തമിഴില്‍ ശബ്ദം നല്‍കിയിരുന്നത് രാജേഷ് ആയിരുന്നു. മുരളിക്കുവേണ്ടി ഡുംഡുംഡും, ജൂട്ട്, മജാ, ഉള്ളം കേള്‍ക്കുമേ, റാം എന്നീ ചിത്രങ്ങള്‍ക്ക് രാജേഷ് ശബ്ദം നല്‍കി. പൊയ് സൊല്ല പോറോം എന്ന ചിത്രത്തില്‍ നെടുമുടി വേണുവിനും ദേവി എന്ന ചിത്രത്തില്‍ ജോയ് മാത്യുവിനും അദ്ദേഹം ഡബ്ബ് ചെയ്തു.
ശ്രീറാം റാഘവന്‍ സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ മെറി ക്രിസ്മസ് ആണ് പുറത്തിറങ്ങിയ അവസാനചിത്രം. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. രാജേഷ് തമിഴില്‍ ഒമ്പത് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പരേതയായ ജോണ്‍ സില്‍വിയ ആണ് ഭാര്യ.
ദിവ്യ, ദീപക് എന്നിവരാണ് മക്കള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page