ടെര്‍മിനലുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ്; ആദ്യം വയനാട്ടില്‍, ലക്ഷ്യം കെഎസ്ആര്‍ടിസിയുടെ വരുമാന വര്‍ധനവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് വരുന്നു.
വിവാദത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്‌കോ ഔട്ട്‌ലെറ്റ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തുറക്കും. അടുത്ത മാസം ഈ ഔട്ട്‌ലെറ്റ് തുറക്കും. ശേഷം അഞ്ച് സ്ഥലത്ത് കൂടി കെഎസ്ആര്‍ടിസിയുടെ കെട്ടിടത്തില്‍ ബെവ്‌കോ ഓട്ട്‌ലെറ്റ് തുടങ്ങും. നേരത്തെ ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് അന്ന് നടപ്പാക്കിയിരുന്നില്ല. കെഎസ്ആര്‍ടിസിക്ക് വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.
സംസ്ഥാനത്ത് പണിത പല ടെര്‍മിനുകളിലും സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. വാടകയിനത്തില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാനാണ് ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ക്ക് സ്ഥലം നല്‍കാന്‍മുന്‍ കെ.എസ്.ആര്‍.ടി.സി എംഡിയായിരുന്ന ബിജു പ്രഭാകര്‍ ശുപാര്‍ശ മുന്നോട്ട് വെച്ചത്. ബെവ്‌ക്കോയുമായി കെഎസ്ആര്‍ടിസി ചര്‍ച്ച നടത്തി. വിശാലമായ പ്രീമിയം ഔട്ട്ലെറ്റുകളായിരുന്നു ലക്ഷ്യം. എന്നാല്‍ ബസ് സ്റ്റാന്റുകള്‍ മദ്യപ കേന്ദ്രമാക്കി മാറ്റാന്‍ പോകുന്നുവെന്ന വ്യാപക ആരോപണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവക്കുകയായിരുന്നു. നഗരഹൃദയങ്ങളില്‍ ബസ് ടെര്‍മിനിലുകളില്‍ ഔട്ട്ലെറ്റുകള്‍ വരുമ്പോള്‍ ഇനി എന്താകുമെന്ന പ്രശ്‌നം ബാക്കിയുണ്ട്. ലാഭമാണ് ലക്ഷ്യമെങ്കിലും എതിര്‍പ്പുകള്‍ ഉയരുമോ എന്ന ആശങ്ക ബാക്കിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page