കാഞ്ഞങ്ങാട്ടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേന്ദ്രത്തിൽ തയ്യാറാക്കിയത് 1800 ൽ പരം സർട്ടിഫിക്കറ്റുകൾ; സംഘം വലയിലായത് പൊലീസിന്റെ രണ്ടാഴ്ച്ചത്തെ നിരീക്ഷണത്തിനു ഒടുവിൽ, സൈബർ സെല്ലിന്റെ നീക്കവും നിർണ്ണായകമായി

കാസർകോട്: കാഞ്ഞങ്ങാട്, പുതിയ കോട്ടയിലെ നെറ്റ് ഫോർ യു കഫെ യിൽ ഒരു വർഷത്തിനുള്ളിൽ വ്യാജമായി തയ്യാറാക്കിയത് 1800 ൽ പരം വ്യാജരേഖകളും സർട്ടിഫിക്കറ്റുകളും . ഹൊസ്ദുർഗ്ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം കണ്ടെത്തിയത്. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ ഞെട്ടിപ്പി ക്കുന്ന വിവരങ്ങൾ പുറത്തു വരുമെന്നു പൊലീസ് കരുതുന്നു.
സംഭവത്തിൽ കമ്പ്യൂട്ടർ സെന്റർ ഉടമ കാഞ്ഞങ്ങാട് , കൊവ്വൽപ്പള്ളിയിലെ സന്തോഷ് കുമാർ (45), ഹൊസ്ദുർഗ്ഗ് കടപ്പുറത്തെ ഷിഹാബ് (38), മുഴക്കോം, ക്ലായിക്കോട്ട് താമസിക്കുന്ന രവീന്ദ്രൻ പനങ്കാവ് (51) എന്നിവരെ അറസ്റ്റു ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തായത് . വിവിധ സർവ്വകലാശാലകളിലെ ബിരുദ സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പാസ്പോർട്ട്, ആധാർ കാർഡുകൾ എന്നിവയാണ് വ്യാജമായി നിർമ്മിച്ചത് . കണ്ണൂർ, കാലിക്കറ്റ്, കേരള സർവ്വകലാശാലകളുടെ ബിരുദ സർട്ടിഫിക്കറ്റുകളാണ് കൂടുതലും നിർമ്മിച്ചതെന്നു പൊലീസ് പറഞ്ഞു. കേരളത്തിലെയും കർണാടകത്തിലെയും വിവിധ ആർ.ടി.ഒ. ഓഫീസുകളുടെ വ്യാജ സീലുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, ആധാർ കാർഡുകൾ എന്നിവയും കണ്ടെടുത്തു. 10,000 രൂപയാണ് വ്യാജ രേഖകൾ വാങ്ങിക്കാൻ എത്തിയവരിൽ നിന്നു ഈടാക്കിയിരുന്നത്. കമ്പ്യൂട്ടർ സെന്റർ ഉടമയായ സന്തോഷ് കുമാറിന്റെ അറിവോടെയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. കമ്പ്യൂട്ടർ സെന്ററിൽ വച്ച് രവീന്ദ്രനാണ് രേഖകൾ തയ്യാറാക്കിയിരുന്നത്. പിന്നീട് ഷിഹാബിനു അയച്ചു കൊടുക്കും. ഇയാൾ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള പ്രിന്റർ ഉപയോഗിച്ച് പ്രിന്റ് എടുക്കും. തുടർന്ന് സീൽ പതിച്ച ശേഷം ആവശ്യക്കാർക്ക് നൽകും. സംഘതിന്റെ പ്രവർത്തനം ഇത്ത രത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. രേഖകൾ തയ്യാറാക്കുന്നതിനായി രവീന്ദ്രൻ പ്രത്യേകമായി ഹാർഡ് വെയർ സൂക്ഷിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എസ്.ഐ ടി. അഖിലിന്റെ നേതൃത്വത്തിൽ രണ്ടാഴ്ച്ച നിരന്തരം നിരീക്ഷിച്ച ശേഷമാണ് സംഘത്തെ പിടികൂടിയത്.സൈബർ പൊലീസിന്റെ സഹായവും നിർണായകമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page