ചെറുവത്തൂര്‍, മട്ടലായിയിലെ മണ്ണിടിച്ചില്‍; ജില്ലാ കലക്ടര്‍ സംഭവ സ്ഥലത്തേക്ക്, തെക്കിലിലും മണ്ണിടിച്ചല്‍ ഭീഷണി

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞു വീണു തൊഴിലാളി മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് നേരിട്ട് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന്‍ ചെറുവത്തൂര്‍, മട്ടലായി സന്ദര്‍ശിക്കും. തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആണ് ജില്ലാ കലക്ടര്‍ സ്ഥലത്തെത്തുക.
തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മണ്ണിടിച്ചലില്‍ കൊല്‍ക്കത്ത സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. മറ്റു രണ്ടു പേര്‍ ചികിത്സയിലാണ്.
അശാസ്ത്രീയമായ മണ്ണെടുക്കലാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഞായറാഴ്ച രാത്രി പെയ്ത നേരിയ മഴയും അപകടത്തിനു ആക്കം കൂട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. നേരത്തെ വീരര്‍കുന്ന് ഭാഗത്തും മണ്ണിടിച്ചല്‍ ഉണ്ടായിരുന്നു. കാലവര്‍ഷമാരംഭത്തോടെ കൂടുതല്‍ പ്രദേശങ്ങളില്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയിലും സമാനമായ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ചെര്‍ക്കള മുതലുള്ള ഭാഗത്ത് കുത്തനെ മണ്ണിടിച്ചതാണ് അപകടഭീഷണിക്ക് ഇടയാക്കുന്നത്. സ്റ്റാര്‍ നഗറിനു സമീപത്താണ് ഏറ്റവും കൂടുതല്‍ അപകട ഭീഷണി നിലനില്‍ക്കുന്നത്. കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ബേവിഞ്ചയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ആഴ്ചകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത്തവണ അത്തരം അപകടങ്ങള്‍ ഇല്ലാതെ ശ്രദ്ധിക്കണമെന്ന് യാത്രക്കാരും ആവശ്യമുന്നയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page