കുമ്പളയില്‍ പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി 18.46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ചള്ളങ്കയം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി 18,46,127 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ധര്‍മ്മത്തടുക്ക, ചള്ളങ്കയം ഒളക്കുന്നിലെ എസ്.എ സയ്ദി(28)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ ഗണേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കുമ്പള, മുളിയടുക്ക, റഹ്‌മാനിയ മന്‍സിലിലെ അബ്ദുല്‍ റഷീദി(32)ന്റെ പരാതി പ്രകാരമാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കുമ്പള ടൗണില്‍ വച്ച് തന്നെ ബലമായി പിടിച്ച് ഫോര്‍ച്യൂണര്‍ കാറില്‍ കയറ്റിയ ശേഷം സീതാംഗോളി ഭാഗത്തേക്ക് ഓടിച്ചുപോയെന്നും വഴിയില്‍ വച്ച് മറ്റു രണ്ടുള്ളവര്‍ കൂടി കാറില്‍ കയറിയെന്നുമാണ് അബ്ദുല്‍ റഷീദ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. കാറില്‍ വച്ച് തന്നെ മര്‍ദ്ദിച്ചതായും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം 18 ലക്ഷത്തില്‍പ്പരം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ച ശേഷം വൈകുന്നേരം ആറുമണിയോടെ പെര്‍മുദെ ടൗണില്‍ ഇറക്കി വിടുകയായിരുന്നുവെന്നാണ് അബ്ദുല്‍ റഷീദിന്റെ മൊഴി. ഇതു പ്രകാരം യൂസഫ് എന്നയാള്‍ക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സയ്ദിനെ പൊലീസ് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page