കാസര്‍കോട്ടു ബസ് യാത്രക്കാര്‍ വിഷമത്തില്‍; പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ബസ് മാറി കയറാന്‍ നിര്‍ബന്ധിക്കുന്നെന്നു പരാതി

കാസര്‍കോട്: തലപ്പാടി-കുമ്പള ഭാഗങ്ങളില്‍നിന്ന് കാസര്‍കോട്ടേക്ക് വരുന്ന സ്വകാര്യ ബസ്സുകളില്‍ ചില ബസ്സുകള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ യാത്ര അവസാനിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി ആക്ഷേപം. ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്റില്‍ പ്രവേശിച്ചാല്‍ അതിലുള്ള യാത്രക്കാരോട് പഴയ ബസ് സ്റ്റാന്റിലേക്ക് പോകണമെങ്കില്‍ ബസ് മാറിക്കയറാന്‍ പറയുന്നത് സ്ത്രീകളും കൈകുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീ യാത്രക്കാര്‍ക്കും, പ്രായമായ യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നതായാണ് പരാതി.
ചില ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്റില്‍ എത്തിയാല്‍ പഴയ ബസ് സ്റ്റാന്റിലേക്ക് പോകുന്ന മറ്റു സ്വകാര്യ ബസുകളില്‍ പോകാനാണ് പറയുന്നത്. ഇതിന് ടിക്കറ്റൊന്നും ഈടാക്കുന്നില്ലെങ്കിലും ബസ് മാറിക്കയറേണ്ടി വരുന്നതാണ് യാത്രക്കാര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നത്. പഴയ ബസ് സ്റ്റാന്റില്‍ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന രോഗികളടക്കമുള്ള യാത്രക്കാര്‍ക്കാണ് ഇത് ദുരിതമാവുന്നത്. പ്രസ്തുത ബസ്സുകള്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ എത്തിയാല്‍ യാത്രക്കാരെ ബസ് സ്റ്റാന്റില്‍ ഇറക്കുകയും, മല്ലികാര്‍ജുന ക്ഷേത്രപരിസരം, കെഎസ്ആര്‍ടിസി ബസ്റ്റാന്റ് വഴി തിരിച്ച് പുതിയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുകയുമാണ് പതിവ്. ഇത് ഒഴിവാക്കാനാണ് യാത്രക്കാരെ പുതിയ ബസ് സ്റ്റാന്റില്‍ ഇറക്കി പഴയ ബസ് സ്റ്റാന്റില്‍ പോകുന്ന ബസ്സുകളില്‍ കയറാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
അതേസമയം ചില ബസുകള്‍ കറന്തക്കാട് വഴി കെഎസ്ആര്‍ടിസി വഴി പഴയ ബസ് സ്റ്റാന്റ് പോസ്റ്റ് ഓഫീസ് പരിസരത്തു ആളെ ഇറക്കി പഴയ പ്രസ് ക്ലബ്ബ് വഴി പുതിയ ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്നുമുണ്ട്. ഇത് യാത്രക്കാര്‍ക്ക് ആശ്വാസവുമാവുന്നുണ്ട്. എന്നാല്‍ പുതിയ ബസ് സ്റ്റാന്റില്‍ യാത്ര അവസാനിപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു യാത്രക്കാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page