നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കവര്‍ച്ച പതിവാക്കിയ വിരുതന്‍ അറസ്റ്റില്‍; പിടിയിലായത് പുതിയ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടയില്‍

പയ്യന്നൂര്‍: നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നു കവര്‍ച്ച പതിവാക്കിയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു. മാലൂര്‍, ശിവപുരം സലീന മന്‍സിലിലെ വി.സി ഹാരിസി(47)നെയാണ് കണ്ണൂര്‍ എസിപി എംപി ആസാദിന്റെ മേല്‍നോട്ടത്തില്‍ വളപട്ടണം എസ്‌ഐ വിപിനും സംഘവും അറസ്റ്റ് ചെയ്തത്.
പുതിയതെരുവില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്ന് 1.20 ലക്ഷം രൂപയും ലാപ്ടോപ്പും കവര്‍ന്ന കേസിലാണ് ഹാരിസ് കുടുങ്ങിയത്.
ആഗസ്ത് 23ന് രാവിലെ 11 മണിയോടെയാണ് കവര്‍ച്ച നടന്നത്. കടകളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന വാഹനത്തില്‍നിന്നാണ് പണവും ലാപ്ടോപ്പും തട്ടിയെടുത്തത്. പുതിയതെരു സ്‌റ്റൈലോ കോര്‍ണറില്‍ വാഹനം നിര്‍ത്തിയിട്ട് ഡെലിവറി ബോയ് സാധനങ്ങളുമായി കടയില്‍ പോയതായിരുന്നു. തിരിച്ചെത്തുമ്പോഴേക്കും ലാപ്ടോപ്പ് അടങ്ങിയ ബാഗും പണവും നഷ്ടപ്പെടുകയായിരുന്നു.ഡെലിവറി ബോയ് കണ്ണൂര്‍ ആയിക്കരയിലെ ജമീര്‍ ജമാലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ലഭിച്ച ദൃശ്യങ്ങളില്‍ ഒന്ന് മുഖപരിചയമുള്ള ആളുടേതാണെന്ന് എസ്.ഐക്ക് സംശയം തോന്നി. ഓര്‍മ്മയില്‍ ചികഞ്ഞപ്പോള്‍ അദേഹം കൂത്തുപറമ്പ് എസ്.ഐയായിരുന്നപ്പോള്‍ ടൗണിലെ കൃഷ്ണ കോക്കനട്ട് ഓയില്‍ എന്ന കടയില്‍ നിന്ന് 2025 നവംബര്‍ 11ന് കവര്‍ച്ച നടത്തിയ കേസില്‍ പിടികൂടിയ വ്യക്തിയാണെന്ന് മനസിലായി. അന്ന് കടയിലെത്തി വെളിച്ചെണ്ണ ആവശ്യപ്പെട്ട ഇയാള്‍ കന്നാസില്‍ തന്നെ എണ്ണ ലഭിക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു.തുടര്‍ന്ന് ഉടമ കന്നാസ് വാങ്ങിക്കാന്‍ സമീപത്തെ കടയിലേക്ക് പോയപ്പോള്‍ അരലക്ഷം രൂപ തട്ടിയെടുത്ത് ഇയാള്‍ മുങ്ങുകയായിരുന്നു. സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനകം അന്ന് ഹാരിസിനെ ടി.എം. വിപിന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. അയാള്‍ തന്നെയാണ് പുതിയതെരുവിലെ തട്ടിപ്പിന് പിറകിലും എന്ന് വ്യക്തമായതോടെ ഹാരിസിന്റെ തലശേരിയിലുള്ള സുഹൃത്തിനെ എസ്.ഐ ബന്ധപ്പെട്ടു. കൂത്തുപറമ്പിലെ തട്ടിപ്പില്‍ ഈ സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു ഹാരിസിനെ കുടുക്കിയത്. തലശേരി പപ്പന്റെപീടികയില്‍ ഹാരിസ് മുറിയെടുത്ത് താമസിക്കുന്നുണ്ടെന്ന് പൊലീസ് മനസിലാക്കി. തലശേരിയില്‍ കവര്‍ച്ച നടത്താനുള്ള പദ്ധതിയുമായാണ് പപ്പന്റെ പീടികയില്‍ മുറിയെടുത്തതെന്ന് കരുതുന്നു. പൊലീസ് സംഘം അവിടെയെത്തി ഹാരിസിനെ പിടികൂടി ഇന്ന് (ബുധന്‍)രാവിലെ വളപട്ടണത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പകല്‍മാത്രം കവര്‍ച്ച നടത്തുന്ന വ്യക്തിയാണ് ഹാരിസ്. ഡെലിവറി വാഹനങ്ങള്‍ ലക്ഷ്യമിട്ടാണ് കവര്‍ച്ച നടത്താറുള്ളത്. ഡെലിവറി ബോയ് സാധനങ്ങളുമായി കടകളിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ നിമിഷങ്ങള്‍ക്കൊണ്ട് കവര്‍ച്ച നടത്തും. കടകളില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തിയും പെട്ടെന്ന് കവര്‍ച്ച നടത്തുന്നതില്‍ വിദഗ്ധനാണ് ഹാരിസ്. സംസ്ഥാനത്തും കര്‍ണാടകയിലുമായി ആറോളം സമാന കേസുകളില്‍ പ്രതിയാണ് ഹാരിസെന്നു പൊലിസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page