കാസർകോട്: തൃക്കരിപ്പൂരിൽ കടയിൽ കയറി വ്യാപാരിയെയും തടയാൻ ചെന്ന യുവാവിനെയും രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. ഒളവറ സ്വദേശിയും തൃക്കരിപ്പൂരിലെ എൻ.ആർ വെജിറ്റബിൾ സ്ഥാപന ഉടമയുമായ സഞ്ജയൻ(46), ബീരിച്ചേരി സ്വദേശി സുലൈമാൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. വാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ചതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. തൃക്കരിപ്പൂരിലെ രണ്ടുപേർ കത്തികൊണ്ട് കഴുത്തിന് കുത്തി പരിക്കേൽപ്പിക്കുകയും, മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കഴുത്തിന് പരിക്കേറ്റ സഞ്ജയ് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും മുഖത്ത് സാരമായി പരിക്കേറ്റ സുലൈമാനെ പയ്യന്നൂർ സഹകരണ ആശുപതിയിലും പ്രവേശിപ്പിച്ചു. പരാതിയിൽ കണ്ടാൽ അറിയാവുന്ന രണ്ടുപേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







