കാഞ്ഞങ്ങാട്: ദേശീയപാതയിലെ ആറങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു. കാറിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. കാറിൽ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടം. കാസർകോട് ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മാവുങ്കാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. കൂളിയങ്കാലിലെ അടിപ്പാത കഴിഞ്ഞുള്ള റോഡ് ജംഗ്ഷനിലാണ് അപകടം. കാർ ഡ്രൈവർക്ക് റോഡ് മാറിയതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. പരിക്കേറ്റവരെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി.
ഹോസ്‌ദുർഗ് പൊലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ കുറിച്ചുള്ള പേര് വിവരങ്ങൾ ലഭിച്ചില്ല.







