മൊഗ്രാല്‍ പുഴയുടെ കൊപ്പല്‍ അഴിമുഖത്ത് പുഴയില്‍ മുക്കി ഒളിപ്പിച്ചിരുന്ന 10 പൂഴി ഊറ്റല്‍ തോണികള്‍ പൊലീസ് പിടിച്ചെടുത്തു; എല്ലാം ഇടിച്ചു പൊളിച്ചു

കാസര്‍കോട്: പൂഴി ഊറ്റിയ ശേഷം മൊഗ്രാല്‍ പുഴയുടെ കൊപ്പളം അഴിമുഖത്തില്‍ വെള്ളത്തില്‍ മുക്കി ഒളിപ്പിച്ചുവച്ചിരുന്ന 10 മണലൂറ്റു തോണികള്‍ പൊലീസ് പിടിച്ചെടുത്തു ജെ സി ബി ഉപയോഗിച്ചു ഇവ ഇടിച്ചുപൊളിച്ചു. ഇന്നു പുലര്‍ച്ചെയാണ് തോണികള്‍ പിടിച്ചെടുത്തു നശിപ്പിച്ചത്. പുഴയുടെ ഈ ഭാഗങ്ങളില്‍ വ്യാപകമായി മണല്‍ക്കൊള്ള നടക്കുന്നെന്നു പരാതികളുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പൊലീസ് ചീഫ് ബി.വി വിജയഭരത് റെഡ്ഡി കഴിഞ്ഞ ദിവസം പുഴ സന്ദര്‍ശിച്ചിരുന്നു. മണല്‍ക്കൊള്ളക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അദ്ദേഹം ഡിവൈ എസ് പി സി കെ സുനില്‍ കുമാറിനോടു നിര്‍ദ്ദേശിച്ചിരുന്നു.
ഇന്നു പുലര്‍ച്ചെ ഡിവൈ എസ് പി സുനില്‍ കുമാര്‍, ഇന്‍സ്പെക്ടര്‍ കെ പി വിനോദ് കുമാര്‍, പ്രൊബേഷണല്‍ എസ് ഐ ആനന്ദകൃഷ്ണന്‍, എ എസ് ഐ മനോജ്, ഡിവൈ എസ് പിയുടെ പ്രത്യേക ടീം എന്നിവര്‍ ചേര്‍ന്നാണ് പുഴയില്‍ മുക്കി ഒളിപ്പിച്ചിരുന്ന തോണികള്‍ കണ്ടെടുത്തു നശിപ്പിച്ചത്.
രാത്രി മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചു വ്യാപകമായി പൂഴി വാരുന്ന വന്‍ സംഘങ്ങള്‍ വാരിയെടുത്ത പൂഴി രാത്രി തന്നെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്ത ശേഷമാണ് പൂഴി വാരലിനുപയോഗിച്ച തോണി പുഴയില്‍ മുക്കി ഒളിപ്പിക്കുന്നതെന്നു പറയുന്നു. രാത്രി വീണ്ടും തോണികള്‍ മുങ്ങിയെടുത്തു രാത്രി മുഴുവന്‍ അനധികൃതമായി പൂഴിവാരലാണ് സംഘത്തിന്റെ സ്ഥിരം പരിപാടിയെന്നു പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം സംഘത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത നടപടിക്കു ജില്ലാ പൊലീസ് ചീഫ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page