നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റ്; അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍

തിരുവനന്തപുരം: വ്യാജ ഹാള്‍ ടിക്കറ്റുമായി പാറശ്ശാല സ്വദേശിനിയായ വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍. നെയ്യാറ്റിന്‍കര അക്ഷയ സെന്ററിലെ ഗ്രീഷ്മയാണ് അറസ്റ്റിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളിലാണ് വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തി വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത്. ഹാള്‍ ടിക്കറ്റില്‍ സംശയം ഉണ്ടായിരുന്നുവെങ്കിലും പരീക്ഷയെഴുതാന്‍ അനുവദിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ നേരം പരീക്ഷ എഴുതിയെ ശേഷമാണ് ഹാള്‍ ടിക്കറ്റിലെ റോള്‍ നമ്പരില്‍ മറ്റൊരു വിദ്യാര്‍ത്ഥി തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ വിദ്യാര്‍ത്ഥിയെയും മാതാവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നെയ്യാറ്റിന്‍ കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരിയായ ഗ്രീഷ്മയാണ് ഹാള്‍ ടിക്കറ്റ് വാട്‌സ്ആപ്പില്‍ അയച്ചുതന്നതെന്നു വിദ്യാര്‍ത്ഥിയും മാതാവും മൊഴി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മയാണ് വ്യാജഹാള്‍ ടിക്കറ്റിനു പിന്നിലെന്നു വ്യക്തമായത്.
നാലു ദിവസം മുമ്പാണ് ഗ്രീഷ്മ അക്ഷയ സെന്ററില്‍ ജോലിക്കെത്തിയത്. നീറ്റ് പരീക്ഷയ്ക്കു അപേക്ഷ തയ്യാറാക്കി നല്‍കാന്‍ വിദ്യാര്‍ത്ഥിയുടെ മാതാവ് ഗ്രീഷ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമയത്തിനു അയക്കാന്‍ മറന്നുപോയെന്നും തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്ക് പരീക്ഷയെഴുതാന്‍ പോകില്ലെന്നു കരുതി വ്യാജ ഹാള്‍ ടിക്കറ്റ് നല്‍കുകയായിരുന്നുവെന്നാണ് ഗ്രീഷ്മ പൊലീസിനു നല്‍കിയ മൊഴിയെന്നു പറയുന്നു. അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page