ദേശീയപാതയുടെ കുമ്പള ടോള്‍ ബൂത്ത് നിര്‍മ്മാണം എം പിയുടെയും എം എല്‍ എമാരുടെയും നേതൃത്വത്തില്‍ തടഞ്ഞു; ടോള്‍ ബൂത്തിനു പില്ലര്‍ സ്ഥാപിക്കാനെടുത്ത കുഴികള്‍ പ്രതിഷേധക്കാര്‍ മണ്ണിട്ടു മൂടി

കുമ്പള: ദേശീയപാത ടോള്‍ ബൂത്തിനുവേണ്ടി കുമ്പളയില്‍ നടന്നു കൊണ്ടിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം നൂറുകണക്കിനു നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും ചേര്‍ന്നു തടഞ്ഞു.
ഞായറാഴ്ച വൈകിട്ടോടെ ടോള്‍ ബൂത്തിനു പണി നടന്നു കൊണ്ടിരിക്കുന്നതറിഞ്ഞു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, എ കെ എം അഷ്‌റഫ് എന്നിവര്‍ നിര്‍മ്മാണസ്ഥലത്തെത്തുകയായിരുന്നു. അവര്‍ എത്തുന്നതിനു മുമ്പു തന്നെ സ്ഥലത്തു നിലയുറപ്പിച്ചിരുന്ന നൂറു കണക്കിനു നാട്ടുകാരും നിര്‍മ്മാണ സ്ഥലത്തെത്തുകയും തുടര്‍ന്നു നേതാക്കന്മാര്‍ പ്രതിഷേധ യോഗം നടത്തുന്നതിനിടയില്‍ ആള്‍ക്കൂട്ടം ടോള്‍ ബൂത്തിനു കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാന്‍ എടുത്ത കുഴികള്‍ മണ്ണിട്ടു മൂടുകയുമായിരുന്നു.

ഇതിനിടയില്‍ ജോലി സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ സ്ഥലം വിട്ടു.
ജില്ലകളുടെ വികസനത്തിന്റെ അവസാന വാക്കു പറയേണ്ട ജില്ലാ വികസന സമിതി ശനിയാഴ്ച യോഗം ചേര്‍ന്നു ടോള്‍ ബൂത്ത് നിര്‍മ്മാണം നിറുത്തിവയ്ക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടും ഒരു തടസ്സമില്ലാതെ പണി തുടരുന്ന ധിക്കാരം അംഗീകരിക്കാനാവില്ലെന്നു എം പി പറഞ്ഞു. ടോള്‍ബൂത്ത് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് വ്യാപാരികള്‍ക്കാണെങ്കിലും കുമ്പള നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്കെതിരെ ചെറുവിരലനക്കാന്‍ പോലും വ്യാപാരി സമൂഹവും വ്യാപാരി നേതൃത്വവും മടിച്ചു നില്‍ക്കുന്നതു പ്രതിഷേധക്കാരില്‍ അമര്‍ഷം ഉളവാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page