മൊഗ്രാലില്‍ സര്‍വീസ് റോഡ് അടച്ചു: നാട്ടുകാര്‍ വീണ്ടും ദുരിതത്തില്‍

കുമ്പള: മൊഗ്രാല്‍ ഹൈപ്പര്‍മാര്‍കറ്റിന് സമീപവും, കൊപ്ര ബസാറിലും കലുങ്ക് നിര്‍മ്മാണ ജോലി പുനഃരാരംഭിച്ചതോടെ മൊഗ്രാല്‍ സര്‍വീസ് റോഡ് വീണ്ടും അടച്ചു. എത്ര ദിവസത്തേക്കാണെന്ന് മുന്നറിയിപ്പില്ലാതെയാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. ഇതുമൂലം നാട്ടുകാരും ബസ് യാത്രക്കാരും വീണ്ടും ദുരിതത്തിലായി.
ഒരുമാസം മുമ്പും മൊഗ്രാല്‍ സര്‍വീസ് റോഡ് അടച്ചിരുന്നു. ഏഴു ദിവസത്തേക്കാണ് അടച്ചതെങ്കിലും കലുങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരും, നിര്‍മ്മാണ കമ്പനി അധികൃതരും തര്‍ക്കിച്ചതോടെ ജോലി നിര്‍ത്തിവെക്കുകയായിരുന്നു. ഇതുമൂലം ഒരു മാസമാണ് സര്‍വീസ് റോഡ് അടച്ചത്. പിന്നീട് വാര്‍ഡ് മെമ്പര്‍ റിയാസ് ഇടപെട്ട് സര്‍വ്വീസ് റോഡ് താല്‍ക്കാലികമായി തുറന്നുകൊടുക്കുകയായിരുന്നു.
ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപവും കൊപ്ര ബസാറിലും കലുങ്കിലൂടെ ഒഴുകിവരുന്ന വെള്ളം പഞ്ചായത്ത് റോഡുകളിലെ ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് ശാസ്ത്രീയമായ രീതിയിലായിരിക്കണമെന്ന് നാട്ടുകാര്‍ വാദിച്ചു. ഇതോടെയാണ് സര്‍വീസ് റോഡില്‍ കുഴിയെടുത്ത് ഇതിനായുള്ള സംവിധാനമൊരുക്കാന്‍ ഒടുവില്‍ നിര്‍മ്മാണ കമ്പനി തയ്യാറായത്. ഈ പ്രവര്‍ത്തി ആരംഭിച്ചതോടെയാണ് ഇപ്പോള്‍ വീണ്ടും സര്‍വീസ് റോഡ് അടച്ചത്. ഇതുമൂലം ബസ് യാത്രക്കാര്‍ക്ക് കൊപ്പളം, പെര്‍വാഡ് ബസ് സ്റ്റോപ്പില്‍ പോയി വേണം ബസുകള്‍ കയറാന്‍. ഇത് പ്രായമായ യാത്രക്കാര്‍ക്കു ദുരിതമാകുന്നുവെന്നും, ഓട്ടോ പിടിച്ചു ബസ് സ്റ്റോപ്പില്‍ പോകേണ്ടിവരുന്നത് അധിക ബാധ്യതയാകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. നിര്‍മ്മാണ സ്ഥലത്ത് ഇന്ന് രാവിലെ പെയ്ത മഴയില്‍ വെള്ളക്കെട്ട് കൂടി രൂപപ്പെട്ടതോടെ നിര്‍മ്മാണ ജോലികള്‍ ഇനിയും തടസ്സപ്പെടുമെന്ന് പറയുന്നുണ്ട്. ഇത് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടാകുമെന്നും ആശങ്കയുണ്ട്.
സര്‍വ്വീസ് റോഡിലെ രണ്ട് കലുങ്കുകളുടെയും പ്രവര്‍ത്തി ഉടന്‍ തീര്‍ത്ത് ഗതാഗതം സാധാരണ നിലയിലാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page