മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

അഹമ്മദാബാദ്: മുൻ കേന്ദ്രമന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (79) അന്തരിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മാർച്ച് 31ന് വീട്ടിൽ പൂജ നടത്തുന്നതിനിടെ ഗിരിജ വ്യാസിനു പൊള്ളലേറ്റിരുന്നു. വിളക്കിൽ നിന്നു വസ്ത്രത്തിലേക്കു തീ പടരുകയായിരുന്നു. തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2013-2014 കാലയളവിൽ മൻമോഹൻസിങ് മന്ത്രിസഭയിൽ നഗര, ദാരിദ്ര്യനിർമാർജ്ജന വകുപ്പ് മന്ത്രിയായിരുന്നു. 1991-1993 കാലയളവിൽ നരസിംഹ റാവു മന്ത്രിസഭയിൽ വാർത്താ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയായി. 2005 മുതൽ 2011 വരെ ദേശീയ വനിത കമ്മിഷൻ അധ്യക്ഷയുമായിരുന്നു.
ഉദയ്പുരിൽ നിന്നു 3 തവണയും ചിത്തോർഗഢിൽ നിന്നു ഒരു തവണയും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1985ൽ രാജസ്ഥാനിലെ ഹരിദേവ് ജോഷി മന്ത്രിസഭയിൽ ടൂറിസം, പൊതുമരാമത്ത്, വിദ്യാഭ്യാസം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ്, പിസിസി പ്രസിഡന്റ്, ഉദയ്പുർ ഡിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെ നേതാക്കൾ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page